പൗരത്വ ബില്‍; സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കാനൊരുങ്ങി ഉറുദു പത്രപ്രവര്‍ത്തക

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമെമ്പാടും അരങ്ങേറുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുതിര്‍ന്ന ഉറുദു പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷിറിന്‍ ദാല്‍വി തന്റെ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ബില്ല് ഭിന്നിപ്പിക്കുന്നതും വിവേചനപരമാണെന്നും വിശേഷിപ്പിച്ചാണ് ദാല്‍വി അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് നടപടി. പൗരത്വ ഭേദഗതി ബില്ല് ഭിന്നിപ്പുണ്ടാക്കുന്നതും വിവേചനപരവുമാണ്. ഇത് നമ്മുടെ ഭരണഘടനയ്ക്കും മതേതരത്വത്തിനും നേരെയുള്ള ആക്രമണമാണെന്നും അവാര്‍ഡ് തിരികെ നന്‍കാന്‍ തീരുമാനിച്ച് പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.

തന്റെ സമൂഹത്തോടൊപ്പം നില്‍ക്കാനും, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായും സാഹിത്യ സംഭാവനകള്‍ക്കായി 2011ല്‍ ലഭിച്ച അവാര്‍ഡ് തിരികെ നല്‍കാനും തീരുമാനിച്ചതായി അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. രാജ്യസഭയില്‍ 99 നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയെടുത്തത്. ലോക്‌സഭയില്‍ നേരത്തെ പാസാക്കിയിരുന്നു.

വിവാദമായ പൗരത്വബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും, സാംസ്‌കാരിക പ്രവര്‍ത്തകരും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ബില്ലിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

പൗരത്വബില്ലിനെതിരെ അസമില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഗുവാഹത്തിയില്‍ അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഗുവാഹത്തിയില്‍ പൊലീസിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തെരുവുയുദ്ധമായി.

ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച അസം സര്‍ക്കാര്‍ ക്രമസമാധാന പുനഃസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി. ത്രിപുരയും ശക്തമായ പ്രതിഷേധത്തെ നേരിടാന്‍ കരസേനയെ വിന്യസിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് ഉള്‍ഫ അടക്കമുള്ള വിവിധ സംഘടനകള്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Top