കുടിവെള്ളമില്ല ; ലോകത്തിലെ വൻ നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ സിലിക്കൺവാലി

BENGALRU

ന്യൂയോർക്ക്: കുടിവെള്ള ക്ഷാമം നേരിടുന്ന ലോകത്തിലെ വൻ നഗരങ്ങളിൽ ബെംഗളുരുവിന് രണ്ടാം സ്ഥാനമെന്ന് റിപ്പോർട്ട്. ആഫ്രിക്കൻ നഗരമായ കേപ് ടൗണിലെ ജലക്ഷാമത്തിനു സമാനമായ അവസ്ഥയുള്ള 11 നഗരങ്ങളുടെ പട്ടികയാണ് പ്രമുഖ മാധ്യമമായ ബിബിസി പുറത്തുവിട്ടത്.

ഇത്തരത്തിൽ കുടിവെള്ള ക്ഷാമത്തിന് കാരണമായി ജനപെരുപ്പം, അശാസ്ത്രീയ വികസനം, ജലസുരക്ഷാ നടപടികളുടെ അഭാവം തുടങ്ങിയവയാണ് ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്ന ബെംഗളുരുവിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. ബെംഗളുരുവിലെ ജലവിതരണ സംവിധാനം പ്രവർത്തിക്കുന്നത് വ്യക്തതയോടെയല്ല. അതിനാൽ ലഭ്യമായ കുടിവെള്ളത്തിന്റെ പകുതിയും നഗരം ഉപയോഗശൂന്യമാകുകയാണ്.

ബെംഗളുരുവിലെ 85 ശതമാനം തടാകങ്ങളിലെ വെള്ളവും ജലസേചനത്തിനും വ്യവസായശാലകളിലെ ശീതീകരണത്തിനുമാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ ജനങ്ങൾക്ക് കുടിക്കാനോ കുളിക്കാനോ പറ്റുന്ന ഒറ്റ തടാകം പോലും ഇവിടെയില്ലെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

ബ്രസീലിലെ സാവോപോളോ ആണ് പട്ടികയിൽ ഒന്നാമത്. ഇവിടെയുള്ള പ്രധാന സംഭരണിയിലെ ജലത്തിന്റെ അളവ് നാലു ശതമാനത്തിലേക്കു താഴ്ന്നിരിക്കുകയാണ്. 21.7 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ 20 ദിവസം വരെ കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ഇവിടെ പൊലീസിന്റെ സംരക്ഷണത്തിലാണു ജലവിതരണ ടാങ്കറുകൾ പ്രവർത്തിക്കുന്നത്.

പ്രതിവർഷം ഒരു വ്യക്തിക്ക് 1000 ക്യുബിക് മീറ്ററിൽ കുറവ് ശുദ്ധജലം കിട്ടുന്ന പ്രദേശങ്ങളെയാണു ‘ജലക്ഷാമപ്രദേശ’മായി ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. 145 ക്യുബിക് മീറ്റർ വെള്ളം മാത്രമേ ചൈനയുടെ തലസ്ഥനമായ ബെയ്‌ജിംഗിൽ 20 ദശലക്ഷം ജനങ്ങൾക്കു ലഭിക്കുന്നുള്ളൂ. ലോകജനസംഖ്യയുടെ 20 ശതമാനം പേരുള്ള ചൈനയിൽ മൊത്തം ശുദ്ധജലത്തിന്റെ ഏഴു ശതമാനം മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈജിപ്ത് തലസ്ഥാനം കെയ്റോ, ഇന്തൊനീഷ്യ തലസ്ഥാനം ജക്കാർത്ത, റഷ്യൻ തലസ്ഥാനം മോസ്കോ, തുർക്കിയിലെ ഇസ്താംബുൾ, മെക്സിക്കോ സിറ്റി, ബ്രിട്ടന്റെ തലസ്ഥാനം ലണ്ടൻ, ജപ്പാൻ തലസ്ഥാനം ടോക്കിയോ, യുഎസിലെ മിയാമി തുടങ്ങിയ നഗരങ്ങളാണു നാലു മുതൽ 11 വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

Top