സിറിയയിലേക്കുള്ള കപ്പലുകളെ ഇസ്രായേല്‍ ആക്രമിച്ചതായി കണ്ടെത്തല്‍

ണ്ടു വര്‍ഷത്തിനിടെ സിറിയയിലേക്ക് എണ്ണ കൊണ്ടുവന്ന ഒരു ഡസന്‍ കപ്പലുകള്‍ക്കുനേരേ ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചതായ വെളിപ്പെടുത്തലില്‍ ശക്തമായ പ്രതിഷേധവുമായി ഇറാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂപപ്പെടുത്താനുള്ള ഇസ്രായേല്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് തെഹ്‌റാനും സിറിയയും കുറ്റെപ്പടുത്തി. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജല കുഴിബോംബുകള്‍ സ്ഥാപിച്ചും മറ്റുമാണ് കപ്പലുകള്‍ക്കെതിരേ ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇറാന്റെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടവയില്‍ കൂടുതലും. സിറിയയില്‍ ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.

അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന വിധ്വംസക നടപടികള്‍ക്കു നേരെ അന്താരാഷ്ട്ര സമൂഹം കണ്ണടക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു. ആക്രമണത്തില്‍ കപ്പലുകള്‍ തകര്‍ന്നില്ലെങ്കിലും തിരിച്ചുപോകാന്‍ നിര്‍ബന്ധിതമായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം തങ്ങളുടെ എണ്ണ ടാങ്കര്‍ ആക്രമിച്ചതിനു പിന്നില്‍ ഇറാന്‍ ആണെന്ന ആരോപണവുമായി ഇസ്രായേല്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

ട്രംപിന്റെ ഭരണകാലത്ത് യു.എസ് സഹകരണത്തോടെയാണ് കപ്പലുകള്‍ക്കു നേരെ തന്ത്രപരമായ ആക്രമണം ഇസ്രായേല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ബൈഡന്‍ ഭരണകൂടം വിസമ്മതിക്കുകയാണ്.

 

Top