തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സര്‍ക്കുലര്‍

 

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണരുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സര്‍ക്കുലര്‍. പെരിയാര്‍ സര്‍വകലാശാലയാണ് സേലം പൊലീസിന്റെ നിര്‍ദേശപ്രകാരം സര്‍ക്കുലര്‍ ഇറക്കിയത്. ആര്‍ എന്‍ രവി പങ്കെടുക്കേണ്ട ബിരുദ ദാന ചടങ്ങ് നാളെയാണ് നടക്കുന്നത്. കറുപ്പിനൊപ്പം തന്നെ ഫോണ്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ സേലം പൊലീസ് സംഭവം നിഷേധിച്ചു.

കേരള പൊലീസ് പലപ്പോഴും കറുപ്പ് ധരിക്കുന്നതിനെ എതിര്‍ക്കുന്നത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് വസ്ത്രത്തിന് വിലക്കുണ്ടായിരുന്നു. ഇത്തരത്തില്‍ വസ്ത്രം ധരിച്ചുവരുന്നവരെ പൊലീസ് വിലക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ സ്ഥിരമാണ്. അവസാനമായി സെന്തില്‍ ബാലാജിയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള തീരുമാനത്തെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഗവര്‍ണറുടെ നിലപാടിനെ തള്ളി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

 

 

Top