196 പൊലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 196 പൊലീസ് സ്റ്റേഷനുകളില്‍ ഇനി മുതല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എത്തുന്നതായിരിക്കും പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ നല്ലതെന്നാണ് വിലയിരുത്തുന്നത്‌.

ഇപ്പോള്‍ 8 പൊലീസ് സ്റ്റേഷനുകളിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുള്ളത്.

സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

അതിന്റെ ഭാഗമായാണ് ഒന്നിച്ച് 196 സ്റ്റേഷനുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്.

ഒരു എസ്.ഐ. മാത്രമുളള 13 പൊലീസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐ മാരുളള സ്റ്റേഷനുകളില്‍നിന്നും 13 പേരെ നിയമിക്കാനും തീരുമാനമായി.

Top