സൈഫര്‍ കേസ് ; പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം

ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും ജാമ്യം. 10 ലക്ഷം രൂപ വീതമുള്ള ബോണ്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജസ്റ്റിസ് സര്‍ദാര്‍ താരിഖ് മസൂദ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അത്താര്‍ മിനല്ല, സയ്യിദ് മന്‍സൂര്‍ അലി ഷാ എന്നിവരാണുണ്ടായിരുന്നത്.

ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇമ്രാനെതിരെ സൈഫര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റില്‍ തോഷഖാന കേസില്‍ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം തടവ് അനുഭവിക്കുകയാണ് ഇമ്രാന്‍ ഖാന്‍. സൈഫര്‍ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇമ്രാന് ജയിലില്‍ നിന്ന് പുറത്തു വരാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തിലും കൃത്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നട്ടില്ല.

Top