കോയമ്പത്തൂരിലെ നാഷണല്‍ ഏജന്‍സി റെയ്ഡ്;ഒരാള്‍ അറസ്റ്റില്‍,6 പേര്‍ക്കെതിരെ കേസ്

കോയമ്പത്തൂര്‍; ശ്രീലങ്കയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കോയമ്പത്തൂരിലെ ഏഴു സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടന്നത്. എട്ട് പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്നതിനായി നിരോധിത സംഘടനയായ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. സമൂഹ മാധ്യമങ്ങള്‍ വഴി ഐ.എസ് ആശയം പ്രചരിപ്പിച്ചതിന് മാര്‍ച്ച് മുപ്പതിന് കോയമ്പത്തൂര്‍ സ്വദേശികളായ 7 പേര്‍ക്കെതിരെ എന്‍ ഐ എ കൊച്ചി യൂണിറ്റ് കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിയെയാണ് ഇന്നലെ വീട് റെയ്ഡ് ചെയ്തു പിടികൂടിയത്.

പിടിയിലായ മുഹമ്മദ് അസറുദ്ധീന്‍ ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ സഹ്റാന്‍ ഹാഷിമിന്റെ
ഫേസ്ബുക്ക് സുഹൃത്തായിരുന്നുവെന്നും സഹ്റാന്‍ ഹാഷ്മിയുടെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും എന്‍.ഐ.എ ഇന്നലെ പത്രക്കുറിപ്പില്‍ ആരോപിച്ചു. കസ്റ്റഡിയിലുള്ള ഇയാളെ കൊച്ചിയിലേക്ക് കൊണ്ട് പോവുകയും അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.

കോയമ്പത്തൂര് കൂടാതെ ചെന്നൈയിലും റെയ്ഡ് നടത്തിയിരുന്നു. തെരച്ചിലില്‍ 14 മൊബൈല്‍ ഫോണുകളും 29 സിംകാര്‍ഡുകളും ,10 പെന്‍ഡ്രൈവ് ,3 ലാപ്‌ടോപ് , 6 മെമ്മറി കാര്‍ഡ് ,4 ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് , 1 ഇന്റര്‍നെറ്റ് ടോങ്ഗലെ ,13 സി.ഡി/ ഡി.വി.ഡി ,300 എയര്‍ ഗണ്‍ പെല്ലറ്റ് , കുറ്റകരമായ ഉള്ളടക്കമുള്ള ഏതാനും നോട്ടീസുകള്‍ എന്നിവയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Top