വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചു; നടിയുടെ പരാതിയില്‍ ഛായാഗ്രഹകന്‍ അറസ്റ്റില്‍

തെലുഗു നടി സായ് സുധയുടെ പരാതിയെ തുടര്‍ന്ന് ഛായാഗ്രഹകന്‍ ശ്യാം കെ. നായിഡു അറസ്റ്റില്‍. വഞ്ചനാകുറ്റത്തിനാണ് ശ്യാമിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്യാമുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കി പിന്നീട് അതില്‍ നിന്നും പിന്മാറിയെന്നുമാണ് നടിയുടെ ആരോപണം. വിജയ് ദേവരകൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ സായ് ഒരു വേഷം ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് പുഞ്ചഗുട്ടയിലെ പൊലീസ് സ്റ്റേഷനില്‍ നടി ശ്യാമിനെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്യുകയും പിന്നീട് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം, പരാതി ലഭിച്ചപ്പോള്‍ ശ്യാമിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ടെന്നും, സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള് അറിയിച്ചു.

ആറ് മാസത്തോളമായി ശ്യാമും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോള്‍ കേസില്‍ എത്തി നില്‍ക്കുന്നതെന്നും വിവരങ്ങളുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അത് വിജയിച്ചില്ലെങ്കില്‍ ശ്യാമിന്റെ പേരില്‍ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ജൂനിയര്‍ എന്‍.ടി.ആര്‍. നായകനായ ടെമ്പര്‍, മഹേഷ് ബാബുവിന്റെ പോക്കിരി, അല്ലു അര്‍ജുന്റെ ജൂലൈ എന്നീ സിനിമകളില്‍ ഛായാഗ്രഹകനായി ശ്യാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top