cinemastrike

theatre-strike

കൊച്ചി: പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ വെള്ളിയാഴ്ച എ ക്ലാസ് തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചു.

സിനിമാ റിലീസ് തര്‍ക്കത്തില്‍ എ ക്ലാസ് തീയേറ്റര്‍ ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ വ്യക്തമാക്കി.

ഇതോടെ തീയേറ്ററുകളിലെ മലയാള സിനിമാ പ്രദര്‍ശനം പൂര്‍ണമായും നിലയ്ക്കും. അന്യഭാഷാ ചിത്രങ്ങളായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തീയേറ്ററുകളിലുണ്ടാകുക.

തീയേറ്റര്‍ വിഹിതത്തെ ചൊല്ലി, നിര്‍മാതാക്കളും വിതരണക്കാരും ഒരു ഭാഗത്തും തീയേറ്റര്‍ ഉടമകള്‍ മറുഭാഗത്തുമായി തുടരുന്ന തര്‍ക്കം ഇതോടെ രൂക്ഷമായി.

ക്രിസ്മസിന് റിലീസുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സിനിമകള്‍ പിന്‍വലിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.

പക്ഷേ, പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കളെ ബാധിക്കുമെന്നതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന സംയുക്ത യോഗം തീരുമാനം പുനഃപരിശോധിക്കുകയും ചിത്രങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നിര്‍മാതാക്കളും വിതരണക്കാരും. മലയാള സിനിമാ വ്യവസായത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

റിലീസുകള്‍ മുടങ്ങിയതോടെ 12 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും സംഘടനാ നേതാക്കള്‍ പറഞ്ഞു.

സമരം അവസാനിച്ചാല്‍ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളുടെ റിലീസിന് മുന്‍ഗണന നല്‍കും. മാസത്തില്‍ ഒരു സിനിമ വീതം റിലീസ് ചെയ്ത് നഷ്ടം നികത്താനാണ് ശ്രമിക്കുന്നത്.

Top