പുതിയ ഭാവത്തിൽ സിഐഡി മൂസ, കൂടെ കൊച്ചുണ്ണി; റീമിക്സ് പതിപ്പുമായി ഡിജെ സംഘം

കൊച്ചി : റാം ജിറാവ് സ്പീകിംഗ്, ഇൻ ഹരിഹർ നഗർ എന്നീ ചിത്രങ്ങൾ പോലെ മലയാളത്തിൽ ഇനിയൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകണമെന്നു മലയാളികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ സിഐഡി മൂസയായിരിക്കും. 2003 ൽ ജോണി ആന്റണി സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ ചിത്രം കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ വരെ രസിപ്പിക്കുന്ന ഒരു ഫൺ ബോംബ് തന്നെയായിരുന്നു. നേരത്തെ സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷ നടൻ ദിലീപും പങ്കു വെച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിലെ ടൈറ്റിൽ സോങ്ങിന്റെ റീമിക്സ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കൊച്ചിയിലെ ഡിജെയും ഇഡിഎം പ്രൊഡ്യൂസർമാരുമായ ദി ലോസ്റ്റ് ട്രിപ്‌ലെറ്റ്സ്. കഥാപാത്രങ്ങളോടൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും.

സിഐഡി മൂസയുടെ ടൈറ്റിൽ സോങ്ങിന് പുത്തൻ രൂപ ഭാവങ്ങൾ നൽകിയാണ് ദി ലോസ്റ്റ് ട്രിപ്‌ലെറ്റ്സ് റീമിക്സ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ദിലീപ് , സലിംകുമാർ , ഹരിശ്രീ അശോകൻ എന്നിവരെ ആനിമേഷൻ രൂപത്തിൽ പുന:സൃഷിച്ചാണ് റീമിക്സ് ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ സോങ്ങിന്റെ കൂടെ ആനിമേഷനിൽ കഥാപത്രങ്ങളുടേതായ ചില ഫേമസ് ഡയലോഗുകൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ റീമിക്സിന്റെ അണിയറ ശില്പികളായ ഷാമിലും ജോയും അനിമേഷൻ കഥാപാത്രങ്ങളായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട് . 2014ൽ കൊച്ചിയിൽ ആരംഭിച്ച രണ്ടു പേരടങ്ങുന്ന ഡിജെ ടീം ആണ് ദി ലോസ്റ്റ് ട്രിപ്‌ലെറ്റ്സ്.

പുതുവത്സരദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഇവർ തങ്ങളുടെ ദി ലോസ്റ്റ് ട്രിപ്‌ലെറ്റ്സ് എന്ന യുട്യൂബ് ചാനലിലൂടെ റീമിക്സ് വീഡിയോ പുറത്തു വിട്ടത്. മികച്ച പ്രതികരണമാണ് ഇതിനകം വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റീമിക്സിന്റെ അനിമേഷനും വിഷ്വൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് തൃശ്ശൂരുകാരനായ ഫെർഡിനൻറ് ജോയ് ആണ്. യൂട്യൂബിന് പുറമെ സ്പോട്ടിഫൈ , സൗണ്ട് ക്‌ളൗഡ്‌ ,ആപ്പിൾ മ്യൂസിക് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റുഫോമുകളിലെല്ലാം ഈ റീമിക്സ് ലഭ്യമാണ്.

Top