ശിശുമരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല; മഹാരാഷ്ട്ര ആരോഗ്യവകുപ്പിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ശകാരം

infant_death

മഹാരാഷ്ട്ര: സംസ്ഥാനത്തെ ശിശുമരണനിരക്കും, പോഷകാഹര കുറവിനെ സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനാല്‍ മഹാരാഷ്ട്ര ആരോഗ്യവകുപ്പിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ശകാരം. വിവരാവകാശം ഉപയോഗിച്ച് ശിശുമരണ നിരക്ക്, കുട്ടികളിലെ പോഷകാഹര കുറവ് എന്നിവയെ കുറിച്ചുമുള്ള പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ആരോഗ്യ വകുപ്പ് സമര്‍പ്പിക്കാതിരുന്നത്.

ശിശുമരണ റിപ്പോര്‍ട്ട് തേടി സാമൂഹിക പ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി അപേക്ഷ സമര്‍പ്പിച്ചതോടെയാണ് കേന്ദ്രവിവരാവകാശ കമ്മിഷന്‍ മഹാരാഷ്ട്ര ആരോഗ്യ വകുപ്പിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിവരാവകാശ നിയമ പ്രകാരം കോത്താരി അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ കമ്മീഷന് നല്‍കാന്‍ സാധിച്ചില്ല. കാരണം ഇതുവരെ മഹാരാഷ്ട്ര സര്‍ക്കാര്‍ വിവരങ്ങള്‍ വിവരാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നില്ല.

എന്തെങ്കിലും മറച്ചുവെക്കാനുള്ളത്‌കൊണ്ടാണ് ഇത്തരം വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കാത്തതെന്ന് കോത്താരി വിമര്‍ശിച്ചു. ചേതന്‍ കോത്താരി, ഇതു സംബന്ധിച്ച് 2017 സെപ്തംബറില്‍ രണ്ട് അന്വേഷണങ്ങള്‍ നടത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ മാത്രം മരണപ്പെട്ടത് 1,317 കുട്ടികളായിരുന്നു, അതേവര്‍ഷം, നാസികിലെ സിവില്‍ ആശുപത്രിയില്‍ മരണപ്പെട്ടത് 187 കുട്ടികളായിരുന്നു. എന്നാല്‍ ഇതേ സംബന്ധിച്ച് ഒരു വിവരം പോലും വിവരാവകാശ കമ്മിഷനില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ട് അപ്പീലുകളാണ് കോത്താരി നല്‍കിയത്.

അതേ സമയം രണ്ട് അപ്പീലുകള്‍ക്കും വ്യക്തമായ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര പൊതുജനാരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. പൊതു ജനങ്ങളില്‍ നിന്ന് ഇത്തരം കണക്കുകള്‍ മറച്ചുവെക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് കോത്താരി പറഞ്ഞു. 2005-ലെ വിവരാവകാശ നിയമപ്രകാരം കമ്മീഷന്റെ ബെബ്‌സൈറ്റില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 30-ഓടെ വിവരങ്ങള്‍ സൗജന്യമായി വെബ്‌സൈറ്റിലൂടെ ലഭ്യമാകുമെന്നാണ് ജനുവരി 12ന് നടന്ന ഹിയറിങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അജ്ത് കുമാര്‍ ജയിന്‍ അറിയിച്ചത്. അതേ സമയം മഹാരാഷ്ട്രയില്‍ ശിശു മരണ നിരക്ക് വളരെ കുറവാണെന്നും അത് മറച്ചുവെക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും മുന്‍ ആരേഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അതുപോലെ എല്ലാ വിവരങ്ങളും സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും, അദ്ദേഹം പറഞ്ഞു. എന്നാല്‍ പോഷകാഹര കുറവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ സാധ്യമല്ലെന്നും അത് കൈകാര്യം ചെയ്യുന്നത് വനിത ശിശു സംരക്ഷണ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വെബ്‌സൈറ്റില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമല്ലെന്ന് കോത്താരി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പഴയ ദേശീയ കണക്കുകള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top