നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചോ? വ്യക്തമായ മറുപടി നല്‍കണമെന്ന്

ന്യൂഡല്‍ഹി: സ്വാതന്ത്ര സമര സേനാനി സുഭാഷ് ചന്ദ്രബോസ് മരിച്ചോ ഇല്ലെയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ നാഷണല്‍ ആര്‍ക്കേവ്‌സ് ഓഫ് ഇന്ത്യയ്ക്ക് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. അവ്‌ദേഷ് കുമാര്‍ ചതുര്‍വേദിയുടെ അപേക്ഷയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മരിച്ചോ ഇല്ലെയോ എന്ന ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 2015ലും 2016ലും എന്തുകൊണ്ടാണ് സുഭാഷ് ചന്ദ്രബോസിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചതെന്നും ചതുര്‍വ്വേദി ചോദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ആദ്യം വിവരാവകാശ രേഖ സമര്‍പ്പിച്ചത്. അതില്‍ കൃത്യമായ മറുപടി ലഭിച്ചില്ല. അതിനു പിന്നാലെയാണ് അദ്ദേഹം സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ സമീപിച്ചത്. വിവരാവകാശ നിയമം സംബന്ധിച്ച അപേക്ഷകള്‍ക്ക് അന്തിമ തീരുമാനമെടുക്കുന്നത് സിഐസിയാണ്.

നേതാജി സുഭാഷ് ചന്ദ്ര ബോസിനെ സംബന്ധിക്കുന്ന ലഭ്യമായ എല്ലാ രേഖകളും നാഷണല്‍ ആര്‍ക്കേവ്‌സ് ഓഫ് ഇന്ത്യയുടെ അധികാര പരിധിയിലാണുള്ളത്. അതുകൊണ്ടാണ് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ആര്‍ക്കേവ്‌സിനെ ചുമതലപ്പെടുത്തിയതെന്ന് കമ്മീഷണര്‍ ആര്‍.കെ മാതുര്‍ വ്യക്തമാക്കി. 15 ദിവസത്തിനകം കൃത്യമായ മറുപടി നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. 1942ല്‍ ജാപ്പനീസ് പിന്തുണയോട് കൂടിയാണ് ആര്‍മി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്. ജനുവരി 23നാണ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

Top