സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; ‘സന്തോഷ വാര്‍ത്തയുമായി’ ഇറാന്‍?

സാമ ബിന്‍ ലാദനെ കണ്ടെത്താനുള്ള തെരച്ചിലിന് നേതൃത്വം നല്‍കിയതിന് പുറമെ ഇറാന്‍ ജനറല്‍ ഖാസെം സുലൈമാനിയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്ത മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയില്‍ തകര്‍ന്നുവീണ യുഎസ് നിരീക്ഷണ വിമാനത്തില്‍ ഈ കേണല്‍ യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ഇവര്‍ പങ്കുവെച്ചിട്ടില്ല. യുഎസ് അധികൃതരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാനില്‍ തകര്‍ന്നുവീണത് അമേരിക്കന്‍ വിമാനമായ ബൊംബാര്‍ഡിയര്‍ ഇ11എ തന്നെയെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാ വക്താവ് കേണല്‍ സോണി ലെഗ്ഗെറ്റ് വ്യക്തമാക്കി. വിമാനം തകര്‍ന്നതിന്റെ കാരണം അന്വേഷിച്ച് വരികയാണെന്നും ശത്രുക്കള്‍ വെടിവെച്ചിട്ടതാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കേണല്‍ വ്യക്തമാക്കി.

വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരുടെ മൃതദേഹങ്ങള്‍ യുഎസ് വീണ്ടെടുത്തതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മേഖല നിയന്ത്രിക്കുന്ന താലിബാനാണ് സിഐഎ ഓഫീസര്‍മാരുടെ മരണത്തില്‍ ആദ്യം അവകാശവാദം ഉന്നയിച്ചത്. എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമായ വിവരം അവര്‍ക്കും നല്‍കാന്‍ കഴിഞ്ഞില്ല.

ഇതിനിടെയാണ് മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ഡി’ആന്‍ഡ്രിയ ആണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഡാര്‍ക്ക് പ്രിന്‍സ്, അയാത്തൊള്ളാ മൈക്ക് എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇറാന്‍ ദേശീയ ടെലിവിഷനാണ് സുലൈമാനിയെ വധിച്ച ഡി’ആന്‍ഡ്രിയ കൊല്ലപ്പെട്ടെന്ന് അറിയിച്ചത്. റഷ്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും വാര്‍ത്ത സ്ഥിരീകരിക്കുന്നു.

Top