സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍

ദുബൈ: സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 പേരെ പിടികൂടിയെന്ന് അറിയിച്ച് ഇറാന്‍. ഇവരില്‍ ചിലരെ വധിച്ചതായും ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ മേഖലകളില്‍ ജോലി ചെയ്തുവന്നിരുന്നവരാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. സാമ്പത്തികം , അടിസ്ഥാന വികസനം, ആണവകേന്ദ്രം, സേന, സൈബര്‍ മേഖല തുടങ്ങി നിര്‍ണായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രവേശിച്ചിരുന്നവരെയാണ് സി.ഐ.എ ചാരന്‍മാരെന്ന് കണ്ടെത്തി പിടികൂടിയത്.

ഇവര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണില്‍ ഇറാനില്‍ വന്‍തോതില്‍ സൈബര്‍ ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തുകയും സി.ഐ.എ ഉള്‍പ്പെടെയുള്ള ചാര സംഘടനകളില്‍പ്പെട്ട നിരവധിപേരെ വിവിധ രാജ്യങ്ങളില്‍ നിന്നായി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ഇറാനുമേല്‍ യു.എസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ രാജ്യം പുറത്തുവിടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനോ എംപറോ പിടിച്ചുവെച്ചിരിക്കുകയാണ്.

Top