ഖഷോഗിയെ കൊന്നത് സൗദി രാജകുമാരന്റെ ഉത്തരവോടെ, വെളിപ്പെടുത്തലുമായി സി.ഐ.എ

റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ഐ.എ. കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റിന്റേതാണ് റിപ്പോര്‍ട്ട്.

രഹസ്യാന്വേഷണ വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിഗമനത്തിലെത്തിയത്.

സൗദി കോണ്‍സുലേറ്റില്‍ നിന്നും രേഖകള്‍ നേരിട്ട് വാങ്ങാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരന്‍ ഖഷോഗിയോട് പറഞ്ഞതായാണ് രേഖകള്‍.

സൗദി രാജകുമാന്റെ സഹോദരന്‍ ഖഷോഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്താംബുളിലെ സൗദി എംബസിയില്‍ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിക്കു പുറത്തുകൊണ്ടുപോയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മാദ്ധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ സി.ഐ.എ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

കേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്.

Top