എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പ്; ശാന്തി തേടിയാണ് യാത്ര തിരിച്ചതെന്നും സിഐ നവാസ്

കൊച്ചി: താന്‍ വിഷമിപ്പിച്ചവരോടെല്ലാം മാപ്പ് ചോദിച്ച് എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ്. മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തിതേടിയാണു യാത്ര തിരിച്ചതെന്നും എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പു ചോദിക്കുന്നെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്നുദിവസം മുമ്പാണ് നവാസിനെ കാണാനില്ലെന്ന് കാണാതായത്. അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം ഇക്കാര്യം പങ്ക് വച്ചിരുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണു സിഐ നവാസ് നാടുവിട്ടതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

നവാസും എസിപി സുരേഷ് കുമാറും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ സ്ഥിരീകരിച്ചു. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top