നവാസിന്റെ തിരോധാനത്തിന് പിന്നില്‍ തര്‍ക്കം മാത്രമാണെന്ന് കരുതുന്നില്ലന്ന് !

കൊച്ചി: സി.ഐ നാവാസിന്റെ തിരോധാനത്തിനു പിന്നില്‍ മേലുദ്യോഗസ്ഥനുമായുള്ള തര്‍ക്കം മാതമാണെന്ന് കരുതുന്നില്ലന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൂര്‍ണ്ണരൂപം ചുവടെ:

പ്രിയരേ..

ഇന്നലെയും ഇന്നുമായി നടക്കുന്ന ഒരു പ്രധാന ചര്‍ച്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ IP & SHO ആയിരുന്ന ശ്രീ. നവാസ് സാറിന്റെ തിരോധാനമാണ്.

അദ്ദേഹത്തെ അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ….
അദ്ദേഹം ഒരു ഭീരുവല്ല.
കാലത്തിന്റെ കുത്തൊഴുക്കില്‍പെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും, നീതിയുടെയും, സത്യസന്ധതയുടേയും, അര്‍പ്പണബോധത്തിന്റേയും ആള്‍രൂപമാണ്.

അദ്ദേഹം സ്വന്തം നിലപാടുകളില്‍; അതായത് ശരിപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലായിരുന്നു എന്ന കാര്യം ശരിയായിരിക്കാം. അതില്‍ ചില വിഷമങ്ങള്‍ എന്നോടും പങ്കുവച്ചിട്ടുണ്ട്. പക്ഷേ അതൊന്നും തളര്‍ത്തുന്ന പ്രകൃതക്കാരനല്ല ഞാനറിയുന്ന നവാസ് സര്‍.

മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫര്‍ ആയി നില്‍ക്കുകയായിരുന്നു.
പുതിയ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് ഒന്ന് മാനസിക ഉന്മേഷത്തിനായി മാറി നില്‍ക്കാന്‍ പോയതാകാം എന്ന് തന്നെ ഇപ്പോഴും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കാരണം ഞാനറിയുന്ന നവാസ് സാര്‍ ഭീരുവല്ല. കരുത്തനാണ്. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധതയുടെ ആള്‍രൂപമാണ്.

കഴിഞ്ഞ ദിവസം എറണാകുളം ACP യുമായി ഉണ്ടായതായി പറയുന്ന കാരണങ്ങള്‍ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നും ഞാന്‍ കരുതുന്നില്ല. അതും ഒരു കാരണമാണ് എന്ന് മാത്രം.

സ്വന്തം ഭര്‍ത്താവ് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അറിയാവുന്ന ആളെന്ന നിലയില്‍ ആകാം ആശങ്കയോടെ ഭാര്യ അദ്ദേഹത്തെ കാണാനില്ല എന്ന പരാതി നല്‍കിയത്.

എന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.
നവാസ് സാറിനെ പോലെ സത്യസന്ധരും, മികവുറ്റവരുമായ നിരവധി നവാസുമാര്‍ കേരള പോലീസില്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഉള്ള നവാസുമാരെപോലും മാനസികമായി തകര്‍ക്കുന്ന ചില ശരികേടുകള്‍ പോലീസിനുള്ളില്‍ ഇന്നും നിലനില്‍ക്കുന്നു എന്ന് ഈ സംഭവം വിളിച്ചു പറയുന്നു.

ഇത് ഗൗരവമായി കാണുകതന്നെ ചെയ്യും. നവാസ് സാര്‍ തിരിച്ചെത്തിയാലും ഈ സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, ഉചിതമായ നടപടികള്‍ ഉണ്ടാകേണ്ടതാണ്. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടനാപരമായി ഏറ്റെടുക്കും.

നവാസ് സാര്‍ തിരിച്ചെത്തും. പക്ഷേ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നവാസ് സാറിനെ അറിയാത്തവര്‍ ഒരു പക്ഷേ അദ്ദേഹം വെറുമൊരു ദുര്‍ബലനാണ് എന്ന് കരുതുന്നുണ്ടാകാം.
പക്ഷേ അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. കരുത്തനും, ധീരനും, സത്യസന്ധനുമായ ഒരു മികച്ച പോലീസ് ഓഫീസറാണ് നവാസ് സര്‍. അതുകൊണ്ട് ആണ് ഈ സംഭവം ഗൗരവമായി കാണേണ്ടതും.

ഈ സംഭവത്തിന്റെ ഗൗരവം ഭരണനേതൃത്വത്തിന്റേയും, സംസ്ഥാന പോലീസ് മേധാവിയുടേയും ശ്രദ്ധയിലേക്ക് ഇതിനകം തന്നെ കൊണ്ടുവന്നു കഴിഞ്ഞു.
സമഗ്രമായ അന്വേഷണവും, ഉചിതമായ നടപടികളും ഈ വിഷയത്തില്‍ ഉണ്ടാകുക തന്നെ ചെയ്യും.

C.R. ബിജു
ജനറല്‍ സെക്രട്ടറി
KPOA

Top