പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; വൈദികനെതിരെ കേസ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസെടുത്തു. പറവൂര്‍ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. വടക്കേക്കര പൊലീസാണ് കേസെടുത്തത്.

പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇരയായ പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി.സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ചതായി എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി. വൈദികനെ അന്വേഷണ വിധേയമായി ചുമതലകളില്‍നിന്ന് മാറ്റിയതായും സഭ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇരയായവരില്‍ ഒരു പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയെ പീഡനവിവരം അറിയിച്ചു. അധ്യാപിക വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തിയത്. സംഭവം പുറത്തായതിന് പിന്നാലെ വൈദികന്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top