മെക്‌സിക്കോ: വടക്കുകിഴക്കന്‍ മെക്സിക്കോയില്‍ ഞായറാഴ്ച ആരാധനക്കിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. പരിക്കേറ്റ 10 പേരെ രക്ഷപ്പെടുത്തി. തീരദേശ പട്ടണമായ സിയുഡാഡ് മഡെറോയില്‍ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തമൗലിപാസ് സംസ്ഥാന സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.
മെക്സിക്കോയിലെ തമൗലിപാസിലെ മഡെറോയിലെ കത്തോലിക്കാ പള്ളിയായ ഇഗ്ലേഷ്യ സാന്താക്രൂസ് പള്ളിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഏകദേശം 100 പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ 10 പേരെയും സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
സുരക്ഷാ, സിവില്‍ പ്രൊട്ടക്ഷന്‍ സേനകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നുണ്ട്. സാന്താക്രൂസ് പ്രാദേശിക ഇടവകയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുറഞ്ഞത് 20 പേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റുകള്‍, മരം, ചുറ്റിക എന്നിവ പോലുള്ള രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പ്രദേശവാസികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. മേല്‍ക്കൂരയിലെ തകരാറാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ തീരത്ത് 200,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന ഒരു നഗരമാണ് സിയുഡാഡ് മഡെറോ.