സഭാ തര്‍ക്കം; സെക്രട്ടേറിയറ്റിനു മുന്നില്‍ യാക്കോബായ സഭയുടെ അനിശ്ചിതകാല സത്യാഗ്രഹം

തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി ബില്‍ കൊണ്ടു വന്ന സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താനുള്ള ഇച്ഛാശക്തിയുമുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

സഭ തര്‍ക്കം പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാക്കോബായ സഭ സെക്രട്ടറിയേറ്റിന് മുന്നില്‍ അനശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് യാക്കോബായ സഭ നടത്തുന്നത്. ജനങ്ങള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ ജനകീയ സര്‍ക്കാര്‍ ഇടപെടണം.

നിയമനിര്‍മാണം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് യാക്കോബായ സഭയുടെ തീരുമാനം. ആര്‍ജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തിയുള്ള സര്‍ക്കാരും ഉണ്ടെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം നിര്‍മിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

Top