പളളിത്തര്‍ക്കം: മുഖ്യമന്ത്രിയുടെ മധ്യസ്ഥയിലുളള ചര്‍ച്ചകള്‍ക്ക് സാധ്യതയില്ല

കൊച്ചി: പളളിത്തര്‍ക്കത്തില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുമായുളള സര്‍ക്കാരിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നതില്‍ അനിശ്ചിതത്വം. തുടര്‍ച്ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥതതയ്ക്ക് പകരം മറ്റ് സഭാധ്യക്ഷന്‍മാരെയോ റിട്ട . ഹൈക്കോടതി ജഡ്ജിയേയോ പങ്കെടുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. യാക്കോബായ സഭ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം സമ്മതം മൂളിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇരുവിഭാഗവുമായും തലസ്ഥാനത്ത് വെച്ച് രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗങ്ങളില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കിലും ചര്‍ച്ചകള്‍ തുടരാനായിരുന്നു ധാരണ. 1934 ലെ സഭാ ഭരണഘടന അംഗീകരിക്കണമെന്നും പളളിക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നുമുളള നിലപാടില്‍ മാറ്റമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചിരുന്നു. ഇതിനിടെയാണ് തുടര്‍ ചര്‍ച്ചകളില്‍ നിന്ന് മുഖ്യമന്ത്രി തല്‍ക്കാലത്തേക്ക് ഒഴിവുകയായാണെന്ന് ഇരു സഭകളേയും സര്‍ക്കാര്‍ അറിയിച്ചത്. മുന്നോട്ടുളള ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നതില്‍ മുഖ്യമന്ത്രിയ്ക്കുളള പ്രായോഗിക ബുദ്ധിമുട്ടാണ് അറിയിച്ചത്.

എതെങ്കിലും റിട്ട ഹൈക്കോടതി ജഡ്ജിയുടെയോ മറ്റെതെങ്കിലും സഭാ മേലധ്യക്ഷന്‍മാരുടെയോ മധ്യസ്ഥതതയില്‍ ചര്‍ച്ച തുടരാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏതുവിധത്തിലുളള ചര്‍ച്ചയ്ക്കും തയാറാണെന്നും നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു. എന്നാല്‍ മറ്റ് സഭാ മേലധ്യക്ഷന്‍മാരുടെ മധ്യസ്ഥതതയിലുളള ചര്‍ച്ചകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. മാത്രവുമല്ല സുപ്രീംകോടതി ഉത്തരവില്‍ വെളളം ചേര്‍ത്തുകൊണ്ടുളള ധാരണകളോടും യോജിപ്പില്ല.

കോതമംഗലം, മണര്‍കാട് അടക്കമുളള പളളികളുടെ കാര്യത്തില്‍ സുപ്രീംകോടതി നടപ്പാക്കിക്കിട്ടാന്‍ ഓര്‍ത്തഡോക്‌സ് സഭ നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ തന്നെ മധ്യസ്ഥത ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.

Top