പള്ളിതര്‍ക്കത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് മയപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ

orthodox sabha

കൊച്ചി: പള്ളിവിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് മയപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്നും ഇടത് സര്‍ക്കാര്‍ 14 പള്ളികളില്‍ നിയമം നടപ്പാക്കി തന്നുവെന്നും പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. കുന്നംകുളത്ത് പള്ളിയില്‍ സംസാരിക്കവെയാണ് ബാവ ഇക്കാര്യം അറിയിച്ചത്.

ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പള്ളിയിലും കടക്കാന്‍ കഴിയില്ലായിരുന്നു. സ്വന്തക്കാര്‍ ഉന്നത സ്ഥാനത്തിരുന്നപ്പോള്‍ സഭയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണെന്നും കോതമംഗലം പിറവം പള്ളികളും ഉടന്‍ സഭയ്ക്ക് സ്വന്തമാകുമെന്നും സഭയിലെ ചിലര്‍ സമാധാന ചര്‍ച്ചക്ക് പോയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

അതേസമയം കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് എപ്പിസ്‌കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കുറ്റപ്പെടുത്തിയത്. കറ്റാനം വലിയപള്ളി അംഗണത്തില്‍ ക്രമീകരിച്ച പ്രതിഷേധ യോഗത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

സുപ്രീം കോടതി വിധി വന്ന് നാല് മാസം പിന്നിട്ടിട്ടും അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധ യോഗം വിളിച്ചത്. ശബരിമലയില്‍ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പള്ളിത്തര്‍ക്കത്തില്‍ നീതികേടാണ് കാട്ടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത എപ്പിസ്‌കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് വ്യക്തമാക്കിയിരുന്നു.

Top