മാന്‍പവറില്‍ ഓടും ചുക്കുടു വണ്ടി; പേരുപോലെ അത്ര രസകരമല്ല കോംഗോക്കാരുടെ ജീവിതം

കിന്‍ഷാസ: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ബദലായി കോംഗോ ജനതയുടെ രസകരമായ കണ്ടുപിടുത്തം വൈറലാകുന്നു. ദാരിദ്ര്യം ചിലപ്പോഴെങ്കിലും ക്രിയാത്മകമായ ബദലുകള്‍ കണ്ടെത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കാറുണ്ട്. അങ്ങനെ മരത്തടിയില്‍ നിര്‍മ്മിച്ച, പരിസ്ഥിതിക്ക് ദോഷം വരാത്ത, ചുക്കുടു എന്ന വാഹനം കോംഗോ ജനതയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി.

കോംഗോയിലെ ജനസംഖ്യയിലെ 62 ശതമാനവും ജീവിക്കുന്നത് പ്രതിദിനം 2.15 ഡോളറില്‍ താഴെ മാത്രം വരുമാനവുമായാണ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ അതിലൊന്ന് ആഫ്രിക്കന്‍ രാജ്യമായ കോംഗോ ആയിരിക്കും. ഈ ദാരിദ്ര്യം നിറഞ്ഞ അവസ്ഥ നിലനില്‍ക്കുമ്പോഴും ക്രിയാത്മകത കൊണ്ട് അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ജനതയാണ് കോംഗോയിലേത്. അതിന് ഉത്തമോദാഹരണമാണ് ചുക്കുടു എന്ന് കോംഗോ ജനത പേരിട്ടുവിളിക്കുന്ന തടിയില്‍ നിര്‍മ്മിച്ച സ്‌കൂട്ടറുകള്‍.

1970 കളില്‍ നോര്‍ത്ത് കിവുവിലാണ് ചുക്കുടു ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോഴും നോര്‍ത്ത് കിവുവിന്റെ തലസ്ഥാനമായ ഗോമയാണ് ചുക്കുടു ഏറ്റവും പ്രചാരത്തിലുള്ള സ്ഥലം. ലുമുമ്പയുടെ കൊലപാതകത്തിന് ഉത്തരവിട്ട മൊബുതു സെസെ സിക്കോ സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ ജനത ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയ കാലത്താണ് ചുക്കുടു ഉപയോഗത്തില്‍ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹാന്‍ഡില്‍, രണ്ട് ചക്രങ്ങള്‍, കാലുകൊണ്ട് വാഹനം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഓപ്പറേറ്റര്‍ക്ക് കാല്‍മുട്ട് വയ്ക്കാനുള്ള പാഡ് എന്നിവ ഉള്‍പ്പടുന്നതാണ് ചുക്കുടു എന്ന രസികന്‍ വാഹനം. ഇവ മനുഷ്യര്‍ക്ക് യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് പോലെ സാധനങ്ങള്‍ കൊണ്ട് പോകാനും ഉപയോഗിക്കാം.

2014 ലെ കണക്ക് പ്രകാരം 150 ഡോളറാണ് ഒരു ചുക്കുടുവിന് വില വരുന്നത്. ഇത് പലപ്പോഴും ആറ് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ത്താല്‍ മതിയാകും. വലിയ ചുക്കുടുകള്‍ക്ക് 800 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. ഈ സാധ്യത ഉപയോഗിച്ച് പ്രതിദിനം പത്ത് മുതല്‍ 20 ഡോളര്‍ വരെ നേടാന്‍ കഴിയും. ഇതുകൊണ്ട് തന്നെ കോംഗോയിലെ ദാരിദ്ര്യത്തെ നേരിടുന്നതില്‍ ചുക്കുടു വലിയ പങ്ക് വഹിക്കുന്നു.

Top