നികുതി വെട്ടിപ്പ്: പിഴയടച്ച് തലയൂരാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: നികുതി വെട്ടിച്ച കേസില്‍ പിഴയൊടുക്കാമെന്ന് സമ്മതിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പെയിനില്‍ ഫുട്ബോള്‍ കളിക്കുന്നകാലം ലഭിച്ച വരുമാനത്തില്‍നിന്നാണ് റൊണാള്‍ഡോ നികുതിവെട്ടിച്ചത്. 18.8 മില്യണ്‍ യൂറോയാണ്(ഏകദേശം 152 കോടി രൂപ) റൊണാള്‍ഡോ പിഴയായി നല്‍കേണ്ടിവരിക. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന് ജയില്‍ശിക്ഷ ഒഴിവാകും.

താന്‍ നികുതി വെട്ടിച്ചിട്ടില്ലെന്നായിരുന്നു റൊണാള്‍ഡോ നേരത്തെ അറിയിച്ചിരുന്നത്. എല്ലാം നിയമപരമായിരുന്നെന്നും താരം പറഞ്ഞു. എന്നാല്‍, റൊണാള്‍ഡോ തെറ്റുകാരനാണെന്ന് 2017ല്‍ കണ്ടെത്തി. 2011-14 കാലയളവില്‍ 14.7 മില്യണ്‍ യൂറോ നികുതി അടച്ചില്ലെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ജയില്‍ശിക്ഷ ഉറപ്പായതോടെയാണ് താരം പിഴയൊടുക്കാന്‍ തീരുമാനിച്ചത്.

അടക്കേണ്ട തുകയും അതിന്റെ പിഴയും പലിശയും ഉള്‍പ്പെടെ താരം സര്‍ക്കാരിന് നല്‍കേണ്ടതായി വരും. സ്പാനിഷ് ടീം റയല്‍ മാഡ്രിഡില്‍നിന്നും റൊണാള്‍ഡോ ഈ സീസണില്‍ ഇറ്റാലിയന്‍ ടീം യുവന്റസിലേക്ക് കൂടുമാറിയിരുന്നു. സമാനമായ കേസ് നേരത്തെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കും നേരിടേണ്ടിവന്നു. കോടികളുടെ പ്രതിഫലം പറ്റുന്ന മുന്‍നിര കളിക്കാരില്‍ പലരും നികുതി വെട്ടിക്കുന്നതിനാല്‍ പഴുതുകളടച്ച വലിയരീതിയിലുള്ള അന്വേഷണം ഇവര്‍ക്കെതിരെ നടക്കാറുണ്ട്.

Top