നോളന്‍ ചിത്രം ഓപ്പൺഹൈമര്‍ ആദ്യദിനം ഇന്ത്യയില്‍ നേടിയ കളക്ഷന്‍ പുറത്ത്

ദില്ലി: ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി എത്തിയ ക്രിസ്റ്റഫർ നോളന്‍ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി നേടുന്നത് എന്നാണ് വിവരം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഇന്ത്യന്‍ ബോക്സോഫീസിലെ ആദ്യദിന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ 7ന്റെ ആദ്യദിന കളക്ഷനെ ക്രിസ്റ്റഫർ നോളന്‍ ചിത്രം മറികടന്നുവെന്നാണ് ആദ്യത്തെ കണക്കുകള്‍ വരുമ്പോള്‍ ലഭിക്കുന്ന വിവരം. 13 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ ഓപ്പൺഹൈമര്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മിഷന്‍ ഇംപോസിബിള്‍ 7 നേടിയത് 12.5 കോടിയായിരുന്നു.

സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് പ്രകാരം ഓപ്പൺഹൈമർ ഇന്ത്യയിൽ നിന്ന് 13.50 കോടി രൂപ നേടിയെന്നാണ് പറയുന്നത്. ഹോളിവുഡ് സമ്മർ ബ്ലോക്ക്ബസ്റ്ററുകളായ ഓപ്പൺഹൈമറും ബാർബിയും തമ്മില്‍ ആഗോളതലത്തില്‍ തന്നെ ബാർബെൻഹൈമർ എന്ന് വിളിക്കുന്ന ബോക്സോഫീസ് പോരിലാണ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് കാര്യമായി ഉണ്ടായില്ലെന്നാണ് വിവരം.

എന്നാല്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് തിരിച്ചടിയായി ഓപ്പൺഹൈമർ ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്സ് അടക്കം പ്രൈറസി സൈറ്റുകളില്‍ ചോര്‍ന്ന ചിത്രം ടെലഗ്രാം വഴി പ്രചരിപ്പിക്കപ്പെടുന്നു എന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറ്റം ബോംബിന്റെ പിതാവിന്റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട് ചിത്രത്തില്‍.

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.

1945ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Top