ബി.ജെ.പിയെ ‘തലോടാൻ’ ക്രൈസ്തവ പുരോഹിതർ, രാഷ്ട്രീയ കേരളത്തിന്റെ ‘ചിത്രം’ മാറ്റാൻ അണിയറ ശ്രമം

ത് മതമായാലും ജാതി ആയാലും രാഷ്ട്രീയത്തിൽ ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാലാതമാണ് ഉണ്ടാക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി രാഷ്ട്രീയ പ്രബുദ്ധത ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനവും കേരളമാണ്. ഒരു കാലത്ത് ജാതി – മത ശക്തികൾ ശരിക്കും വിളയാടിയ സംസ്ഥാനത്താണ് ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായി മാറ്റം വന്നിരിക്കുന്നത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റു സർക്കാറിനെ താഴെ ഇറക്കാൻ സകല ജാതി – മത ശക്തികളെയും കൂട്ടുപിടിച്ച് വിമോചന സമരം നടത്തിയതു തന്നെ കോൺഗ്രസ്സാണ്. ഇപ്പോഴും കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളൾക്ക് സാമുദായിക നേതാക്കളെ കണ്ടാൽ മുട്ട് വിറയ്ക്കും. അവസാനത്തെ യു.ഡി.എഫ് സർക്കാറിലും കാര്യങ്ങൾ തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നത് സാമുദായിക നേതാക്കൾ തന്നെയാണ്.

പിണറായി സർക്കാർ വന്നതിനു ശേഷമാണ് ഇതിനൊരു അറുതി വന്നിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോൾ വീണ്ടും ചില മത മേലധ്യക്ഷൻമാർ കേരള രാഷ്ട്രീയത്തിൽ സമ്മർദ്ദ ശക്തിയാവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയോട് ചങ്ങാത്തം കൂടാനുള്ള തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്‌‌താവന ഇതിന്റെ ഭാഗമാണ്. റബറിന്റെ താങ്ങുവില വർധിപ്പിച്ചാൽ ബിജെപിയ്ക്ക് വോട്ട് നൽകാമെനാണ് ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ്‌ എൻ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘവുമായുളള കൂടിക്കാഴ്ചക്കു ശേഷം നടത്തിയ ഈ പ്രതികരണം കേവലം വികാര പ്രകടനം മാത്രമല്ലന്നത് വ്യക്തം.

സമുദായ അംഗങ്ങളിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനമുയർന്നപ്പോൾ “ബിജെപിയെ സഹായിക്കാമെന്നല്ല കർഷകരെ സഹായിക്കുന്ന പാർട്ടിയെ തിരിച്ചും സഹായിക്കും” എന്നാണ് പറഞ്ഞതെന്ന് ബിഷപ്പ് തിരുത്തി പറഞ്ഞെങ്കിലും വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്നും അയിത്തം കൽപ്പിക്കേണ്ട കാര്യമില്ലെന്നുമുള്ള നിലപാടിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ചെയ്യുന്നത്. കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലും വ്യക്തമാക്കി കഴിഞ്ഞു. മാറി മാറി വന്ന കോണ്‍ഗ്രസ് സി.പി.എം. ഭരണകൂടങ്ങളില്‍ നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് കുറ്റപ്പെടുത്തുകയുണ്ടായി. തലശ്ശേരി ബിഷപ്പിന് പിന്നാലെ താമരശ്ശേരി ബിഷപ്പും ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം സീറ്റുകൾ ലക്ഷ്യമിടുന്ന ബി.ജെ.പി ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താനുള്ള തീവ്രശ്രമമാണ് നിലവിൽ നടത്തി വരുന്നത്. കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ബിഷപ്പിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ ശക്തമായി സി.പി.എം എതിർത്തപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കർഷകരുടെ സങ്കടം കണ്ടാണ് ബിഷപ്പ് അങ്ങനെ പറഞ്ഞതെന്നാണ് സതീശന്റെ ന്യായീകരണം. എന്നാൽ “കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന്” തുറന്നടിച്ചാണ് ബിഷപ്പിന് മന്ത്രി എം.ബി രാജേഷ് മറുപടി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ന്യൂനപക്ഷങ്ങൾക്കറിയാമെന്നും സി.പി.എം. നേതാവ് വ്യക്തമാക്കുകയുണ്ടായി.

അടുത്തതായി കേരളത്തെ ടാർഗറ്റ് ചെയ്യുന്ന ബി.ജെ.പിയുടെ ലക്ഷ്യം മനസ്സിലാക്കി തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും ബിഷപ്പിന്റെ നടപടിയെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുക അതിനു ശേഷം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയായി മാറുക എന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അജണ്ട. ഇക്കാര്യം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുള്ള കാര്യവുമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാകാൻ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി മുഖവിലക്കെടുക്കേണ്ടതുണ്ട് എന്നതാണ് ബി.ജെ.പി വിലയിരുത്തൽ. ഭൂരിപക്ഷ സമുദായത്തിനിടയിലെ സി.പി.എം ആധിപത്യം തകർക്കാൻ കഴിയില്ലന്ന തിരിച്ചറിവിലാണ് പുതിയ നീക്കം ബി.ജെ.പി നടത്തുന്നത്. ഇതിനായി അവർ നോട്ടമിടുന്നത് പ്രധാനമായും ക്രൈസ്തവ വിഭാഗത്തെയാണ്.

ബി.ജെ.പി നേതാക്കൾ വിവിധ ജില്ലകളിൽ ക്രൈസ്തവ നേതാക്കളെ സന്ദർശിച്ച് സൗഹൃദ സംഭാഷണം നടത്തുന്നത് ഇപ്പോഴും തുടരുകയാണ്. തലശ്ശേരി – താമരശ്ശേരി ബിഷപ്പുമാരുടെ പാത പിൻതുടർന്ന് കൂടുതൽ സഭ മേലധ്യക്ഷൻമാർ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ കോൺഗ്രസ്സ് പതനം കേരളത്തിലും പൂർത്തിയാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ്സിലെ നല്ലൊരു വിഭാഗവും ബി.ജെ.പിയിൽ ചേക്കേറുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണേന്ത്യയിൽ കർണ്ണാടകയിൽ മാത്രമാണ് നിലവിൽ ബി.ജെ.പി അധികാരത്തിലുള്ളത്. കേരളത്തിനു പുറമെ തെലങ്കാന, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയാകാൻ പോലും ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിൽ ഒരു മാറ്റം വരുത്താൻ സകല രാഷ്ട്രീയ തന്ത്രങ്ങളും പയറ്റാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. തെലങ്കാനയിൽ നടത്താനിരുന്ന അട്ടിമറി തെലങ്കാന സർക്കാർ ഇടപെട്ട് തകർത്തെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

കേന്ദ്ര ഏജൻസികളും കേന്ദ്ര സർക്കാറിന്റെ സകല സംവിധാനങ്ങളും ബി.ജെ.പിക്ക് പാതയൊരുക്കാൻ ദക്ഷിണേന്ത്യയിലും കർശന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇതിന് സമാന്തരമായാണ് ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ‘പൊടികൈകളും’ ബി.ജെ.പി പയറ്റുന്നത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ തലശ്ശേരിയിൽ ദൃശ്യമായിരിക്കുന്നത്. സർവ്വ സന്നാഹവും ഒരുക്കിയുള്ള ബി.ജെ.പിയുടെ ഈ നീക്കങ്ങളെ ചെറുക്കാൻ ശേഷിയില്ലാതെ കോൺഗ്രസ്സ് ഇരുട്ടിൽ തപ്പുമ്പോൾ ശക്തമായ ഇടപെടൽ നടത്തി കാവിപ്പടയുടെ നീക്കത്തെ തകർക്കാനാണ് സി.പി.എം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്…

EXPRESS KERALA VIEW

Top