ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.

മിഷേലിനെ ഇനി സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കരുതെന്ന് കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. ഈ മാസം നാലിന് ദുബായിയില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചശേഷം സിബിഐ മിഷേലിനെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൈമാറിയില്ലെന്നാണു സൂചന.

മിഷേല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും 9 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് സിബിഐക്കുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി.സിങ് വാദിച്ചിരുന്നു. ഇറ്റലിയിലെ കോടതിയിലുണ്ടായിരുന്ന കേസില്‍ മിഷേലിനെ പ്രതിയാക്കിയില്ലെന്നും പ്രതിയാക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ ആല്‍ജോ കെ.ജോസഫ്, എം.എസ്. വിഷ്ണുശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവര്‍ വാദിക്കുകയും ചെയ്തിരുന്നു. ഇറ്റലിയിലെ അഭിഭാഷക റോസ്‌മേരി പട്രീസിക്ക് കക്ഷിയെ കാണാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Top