Christian Congregation -Kanthapuram with bjp- goal -seats

കോഴിക്കോട്: പാര്‍ലെമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ കാന്തപുരം എ.പി വിഭാഗത്തിനും ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിനും കൈകൊടുത്ത് ബി.ജെ.പി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 സീറ്റില്‍ വിജയിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രഖ്യാപനത്തിനു പിന്നില്‍ മുസ്‌ലീം, ക്രിസ്ത്യന്‍ സമുദായങ്ങളുടെ പിന്തുണകൂടി ഉറപ്പിക്കാനുള്ള ലക്ഷ്യമാണുള്ളത്.

ഭരണ നേതൃത്വത്തോട് ഒട്ടിനിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ മിടുക്കരായ കാന്തപുരം വിഭാഗത്തെ നേരത്തെ തന്നെ ബി.ജെ.പി നേതൃത്വം മെരുക്കിയതാണ്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്നുണ്ട്.

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് കോഴിക്കോട് എത്തുന്ന മോദിയെ 24നോ 25നോ കാണാനാണ് അനുമതി തേടിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. അതേസമയം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ കാണുന്നുണ്ട്.

കൂടിക്കാഴ്ച പരസ്യമായാല്‍ മുസ്‌ലിം ,സമുദായത്തില്‍ നിന്നും എതിര്‍പ്പുയരാന്‍ ഇടയുണ്ടെന്ന ആശങ്കയുള്ളതിനാല്‍ പരസ്യമായി കോഴിക്കോട് വെച്ച് കാന്തപുരം പ്രധാനമന്ത്രിയെ കാണില്ലെന്നാണ് സൂചന.
അങ്ങിനെയെങ്കില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയായിരിക്കും കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്ന നിലപാടാണ് നേരത്തെ കാന്തപുരം സ്വീകരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ലോക സൂഫീ സമ്മേളനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സ്‌പോണ്‍സര്‍ ചെയ്ത സമ്മേളനത്തില്‍ പങ്കെടുത്ത് കാന്തപുരം മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്നായിരുന്നു എതിരാളികളുടെ ആരോപണം. ഇതിന് പിന്നാലെ അടുത്തിടെ മോദി ഭരണത്തെ പ്രശംസിച്ചും കാന്തപുരം രംഗത്തെത്തിയിരുന്നു.

ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നും ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞിരുന്നു.

ചേകന്നൂര്‍ മൗലവി വധക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നതിനിടെ വാജ്‌പേയി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായിരുന്ന ഒ. രാജഗോപാലിന് മര്‍ക്കസില്‍ സ്വീകരണം നല്‍കിയും കാന്തപുരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കാന്തപുരം വിഭാഗം ബി.ജെ.പിക്ക് വോട്ടു ചെയ്‌തെന്ന് മുസ്‌ലിം ലീഗും ആരോപിച്ചിരുന്നു.

കാന്തപുരത്തിലൂടെ മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയും ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് കെ.എം മാണി വിഭാഗത്തെ എന്‍.ഡി.എ സഖ്യകക്ഷിയാക്കാനും സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പി.സി തോമസിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാമൂഹ്യ, സിനിമാ രംഗങ്ങളിലെ പ്രമുഖരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

പൊതുസമ്മതരായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ കാന്തപുരം വിഭാഗത്തിനോ ക്രിസ്ത്യന്‍ സഭകള്‍ക്കോ പിന്തുണക്കാന്‍ മടിയുണ്ടാകില്ല. നേരത്തെ കഥാകൃത്ത് ഡോ. പുനത്തില്‍കുഞ്ഞബ്ദുള്ളയെ ബേപ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു.

കഴിഞ്ഞ പാര്‍ലമെന്‌റ് തിരഞ്ഞെടുപ്പില്‍ 15470 വോട്ടിനാണ് ബി.ജെ.പിക്ക് നഷ്ടമായത്. തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ്, കോട്ടയം മണ്ഡലങ്ങള്‍ പിടിക്കാന്‍ കാന്തപുരവും സഭാ നേതൃത്വവും കനിഞ്ഞാല്‍ സാധിക്കും. കോണ്‍ഗ്രസില്‍ നിന്നും സിപി.എമ്മില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്തും സുരേഷ്‌ഗോപി ബന്ധം വെച്ച് സിനിമാക്കാരെ ഇറക്കിയും കേരളത്തില്‍ ശക്തമായ പ്രചരണത്തിനാണ് ബി.ജെ.പി തന്ത്രമൊരുക്കുന്നത്. ശക്തികേന്ദ്രമായ ഗജറാത്തിനേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസ് ശാഖയുള്ള കേരളത്തില്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പി പാര്‍ലമെന്റിലും സീറ്റുകള്‍ നേടാനാണ് ന്യൂനപക്ഷ സംഘടനകളെയും പാര്‍ട്ടികളേയും ഇപ്പോള്‍ കൂട്ടുപിടിക്കുന്നത്.

Top