മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടി സംഘം; ദൃശ്യങ്ങള്‍ വൈറല്‍

ഭോപ്പാല്‍: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് മുന്‍പ് മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളി അതിക്രമിച്ച് സംഘം. മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. പള്ളി ആക്രമിച്ച് കാവിക്കൊടി നാട്ടി. ജയ്ശ്രീരാം വിളിച്ചെത്തിയ ഒരു സംഘമാളുകള്‍ പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി നാട്ടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദി ക്വിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മിഡിയയില്‍ വൈറലായ വിഡിയോയില്‍ ഒരു കൂട്ടമാളുകള്‍ പള്ളിയിലേക്ക് അതിക്രമിച്ചുകയറുന്നത് കാണാം. ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയ ഉടന്‍ തന്നെ ആര്‍ത്തെത്തിയ കാവിക്കൊടികള്‍ പിടിച്ച സംഘം പള്ളിയുടെ മുകളില്‍ അതിക്രമിച്ചുകയറി കുരിശിന് മുകളില്‍ കാവിക്കൊടി നാട്ടി. പതാകയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീരാം എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

ജാബുവ ജില്ലയിലെ റാണാപൂരിലെ ദബ്തലായി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ജയ്ശ്രീരാം എന്ന് ഉറക്കെ വിളിച്ചാണ് സംഘമെത്തിയതെന്ന് പള്ളിയിലെ പാസ്റ്റര് നര്‍ബു അമലിയാര്‍ ദി ക്വിന്റിനോട് പ്രതികരിച്ചു. അവര്‍ ഇരുപത്തഞ്ചോളം ആളുകളുണ്ടായിരുന്നു. അവരില്‍ ചിലരാണ് പള്ളിക്ക് മുകളില്‍ കയറിയത്. അയല്‍ഗ്രാമത്തില്‍ നിന്നുള്ളവരാണ് എത്തിയതെന്ന് പാസ്റ്റര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ പോലും തനിക്കറിയാം. പള്ളിയിലേക്ക് അതിക്രമിച്ച് കടന്നപ്പോള്‍ തന്നെ ഇത് ചെയ്യുന്നത് ശരിയെല്ലെന്നും ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഞാനവരോട് പറഞ്ഞതാണ്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായില്ലെന്നും ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ഇവിടെ നടക്കുന്നതെന്നും അമലിയാര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് ദി ക്വിന്റിനോട് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ അതൊരു പള്ളിയല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതൊരു സ്വകാര്യ വ്യക്തിയുടെ വീടാണ്. പ്രാര്‍ത്ഥനയ്ക്കായി അവരുപയോഗിക്കുന്നുവെന്ന് മാത്രം. ആ വ്യക്തിക്ക് പരാതിപ്പെടാന്‍ താത്പര്യമില്ലെന്നും അതിനാലാണ് കേസെടുക്കാത്തതെന്നുമാണ് പൊലീസ് വാദം.

എന്നാല്‍ പൊലീസ് വാദത്തെ പള്ളി അധികൃതര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇത് തന്റെ വീടല്ലെന്നും 2016ല്‍ തുടങ്ങിയ പള്ളിയാണെന്നും അമലിയാര്‍ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും 40ലധികം ആളുകള്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കെത്താറുണ്ട്. ഇതൊരു ആരാധനാലയമാണെന്ന് അമലിയാര്‍ ആവര്‍ത്തിച്ചു. ചില ആളുകള്‍ തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫോണ്‍ ചെയ്തെന്നും ക്ഷമാപണം നടത്തിയെന്നും പാസ്റ്റര്‍ പറഞ്ഞു. അതുകൊണ്ട് പൊലീസില്‍ പരാതിപ്പെടണോ എന്ന് തീരുമാനിച്ചിട്ടില്ല. ഗ്രാമത്തിലെ സര്‍പഞ്ചുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അമലിയാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദിവസം, രാജ്യത്തുിന്റെ പലയിടങ്ങളിലായി ഏറ്റുമുട്ടുകള്‍ നടന്നു. മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് ഘോഷയാത്രയ്ക്കിടെ വിവിധ മതങ്ങളില്‍ പെട്ട ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.ആരാധനാലയത്തിന് സമീപം ചിലര്‍ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ നിന്ന് വമറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഖേരാലുവില്‍ മതപരമായ ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാ?ഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായി.കണ്ണീര്‍വാതകം പ്രയോ?ഗിച്ചാണ് ഒടുവില്‍ പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചത്.

Top