ഭരണസ്തംഭനം; ക്രിസ്തുമസിനും വൈറ്റ് ഹൗസില്‍ ഇരുന്ന് ജോലി ചെയ്യുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ക്രിസ്മസ് ദിനത്തിലും വൈറ്റ് ഹൗസില്‍ ഇരുന്ന് ജോലി ചെയ്യുമെന്ന് ട്രംപ്. യു.എസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ട്രംപിന്റെ തീരുമാനം നടപ്പാക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണസ്തംഭനം രണ്ടാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുന്ന അവസ്ഥയിലാണ് താന്‍ ക്രിസ്തുമസ് ദിനത്തിലും വൈറ്റ് ഹൗസില്‍ ഇരുന്ന് ജോലി ചെയ്യുമെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്.

താന്‍ കഠിനമായി ജോലി ചെയ്തുകൊണ്ട് വൈറ്റ് ഹൗസില്‍ തന്നെ കാണുമെന്നും, അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനുവേണ്ടി ഡെമോക്രാറ്റുകളുമായി തങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയതായും എന്നാല്‍ അത് ഇനിയും തുടരാന്‍ ആവുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് ട്വീറ്ററില്‍ കുറിച്ചു.

ഭരണസ്തംഭനം പല തലങ്ങളില്‍ പ്രതിഫലിച്ച് തുടങ്ങിയതായാണ് സൂചന. വാള്‍ സ്ട്രീറ്റില്‍ ഒരു ദശകത്തിനിടെ ഏറ്റവും മോശം നിലയിലാണ് വ്യാപാരം അവസാനിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടക്കം പ്രവര്‍ത്തന സജ്ജീകരണങ്ങള്‍ നിലച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് യു.എസില്‍ ഭരണസ്തംഭനം ഉണ്ടാവുന്നത്.

Top