ക്രിസ് ഹെംസ്വവർത്തിന്റെ നെറ്റ്ഫ്ലിക്സ് ചിത്രം ‘എക്സ്ട്രാക്ഷൻ 2’ ട്രെയ്‌ലര്‍ എത്തി

നെറ്റ്ഫ്ലിക്സ് ചിത്രം ‘എക്സ്ട്രാക്ഷൻ’ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2020ൽ പുറത്തിറങ്ങിയ ‘എക്സ്ട്രാക്ഷന്റെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രത്തിൽ ക്രിസ് ഹെംസ്വവർത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമാക്കി എത്തുന്നത്. ഒന്നാം ഭാഗത്തിൽ നായകൻ മരണത്തിലേക്ക് പോയോ അതിജീവിച്ചോ എന്ന് ആരാധകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്.

രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. ബ്ലാക്ക് ഓപ്‌സ് കൂലിപ്പടയാളിയായ ടൈ്യലർ റേക്കിനെ വീണ്ടും പരിചയപ്പെടുത്തുന്ന ഒരു പക്കാ ആക്ഷൻ ചിത്രമാണ് ‘എക്സ്ട്രാക്ഷൻ 2’. ബോളിവുഡ് നടൻ രൺദീപ് ഹൂഡയും ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഭാഗമായിരുന്നു. നെറ്റ്ഫ്ലിക്സിൽ 90 ദശലക്ഷം ആളുകളാണ് ചിത്രത്തിനെ ആദ്യ ഭാഗം കണ്ടത്.

‘അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ജോ റൂസോയും ആന്റണി റൂസോയുമാണ് പുതിയ ഭാഗം എഴുതിയത്. സ്റ്റണ്ട് കൊറിയോഗ്രാഫർ ആയിരുന്ന സാം ഹാർഗ്രേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോൾഷിഫ്റ്റെ ഫറഹാനി, ആദം ബെസ്സ, ഡാനിയൽ ബെർൺഹാർഡ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോ റൂസ്സോ, ആന്റണി റൂസോ, ക്രിസ് ഹെംസ്വർത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 16ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും.

Top