വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല : വാര്‍ത്ത നിഷേധിച്ച് ക്രിസ് ഗെയില്‍

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍. താന്‍ വിരമിക്കല്‍ സംബന്ധമായി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഏതെങ്കിലും വിരമിക്കലിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഗെയില്‍ പറഞ്ഞു. ഇന്ത്യക്കെതിരെ ഇന്നു പുലര്‍ച്ചെ അവസാനിച്ച മൂന്നാം ഏകദിന മല്‍സരത്തോടെ ഗെയില്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു.

വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ 41 പന്തുകളില്‍ നിന്ന് 72 റണ്‍സാണ് ഗെയില്‍ നേടിയത്. അഞ്ചുസിക്സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെടും. ഉജ്വല ഇന്നിങ്സിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗെയിലിന് വിടനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയുമായി ഗെയില്‍ രംഗത്തെത്തിയത്.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിരമിക്കുന്നില്ലെന്ന് ഗെയില്‍ പറയുന്ന പത്ത് സെക്കന്‍ഡ് വീഡിയോ ദൃശ്യം വിന്‍ഡീസ് ക്രിക്കറ്റിന്റെ ട്വിറ്റര്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

Top