ടി 10 ലീഗില്‍ അതിവേഗ അര്‍ധസെഞ്ചുറി; റെക്കോർഡ് നേട്ടവുമായി ക്രിസ് ഗെയ്ല്‍

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ അതിവേഗ അര്‍ധസെഞ്ചുറിയിലൂടെ റെക്കോർഡ് കുറിച്ച് ക്രിസ് ഗെയ്ല്‍. ടീം അബുദാബിയ്ക്ക് വേണ്ടി 12 പന്തുകളില്‍ നിന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. 22 പന്തുകളില്‍ നിന്നും 84 റണ്‍സ് ഗെയ്ല്‍ അക്കൗണ്ടിലാക്കി. ഒന്‍പത് സിക്‌സുകളും ആറ് ബൗണ്ടറികളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറാത്ത അറേബ്യന്‍സിനെതിരേയാണ് താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. ഗെയ്‌ലിന്റെ ബാറ്റിങ് മികവില്‍ അറേബ്യന്‍സിനെ ടീം അബുദാബി ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി. 41 കാരനായ അദ്ദേഹത്തിന്റെ പ്രായത്തെ മറികടക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് പത്തോവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം അബുദാബി അതിവേഗത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 98 റണ്‍സ് വിജയലക്ഷ്യത്തില്‍ 84 റണ്‍സും പിറന്നത് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റില്‍ നിന്നാണ്. ഗെയ്ല്‍ നേടിയതില്‍ 78 റണ്‍സും വന്നത് ബൗണ്ടറികളില്‍ നിന്നാണ്. സോംപാല്‍ കാമിയുടെ ഓവറില്‍ 27 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

ഈ വിജയത്തോടെ ടീം അബുദാബി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ടി10 ചരിത്രത്തില്‍ ഇതിനു മുന്‍പ് 12 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയത് മുഹമ്മദ് ഷെഹ്‌സാദാണ്. അന്ന് രജ്പുത്സ് ടീമിനുവേണ്ടിയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്.

Top