ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് ക്രിസ് ഗെയില്‍

താന്‍ ഇതുവരെ രാജ്യാന്തര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ടി-20 ഇതിഹാസ താരം ക്രിസ് ഗെയില്‍. സ്വന്തം നാടായ ജമൈക്കയില്‍ വച്ച് വിടവാങ്ങല്‍ മത്സരം കളിക്കണമെന്നാണ് ആഗ്രഹം. അതുവരെ താന്‍ വിരമിക്കില്ലെന്നും ഗെയില്‍ പറഞ്ഞു.

ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 ലോകകപ്പ് മത്സരത്തിനു പിന്നാലെ, രാജ്യാന്തര മത്സരത്തില്‍ നിന്ന് വിരമിച്ച വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയ്‌ക്കൊപ്പം ക്രിസ് ഗെയിലും ഓസീസ് ടീമിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചിരുന്നു. ഇതോടെയാണ് ഗെയില്‍ വിരമിക്കുന്നു എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

‘അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനായിരുന്നു എന്റെ ശ്രമം. കാണികളുമായി സംവദിക്കാന്‍ ഞാന്‍ ശ്രമിച്ചു. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു ഇത്. എന്റെ ഏറ്റവും മോശം ലോകകപ്പ്. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കാം. വിന്‍ഡീസ് ടീമിലേക്ക് കഴിവുള്ള നിരവധി താരങ്ങള്‍ എത്തുന്നുണ്ട്. ഞാന്‍ ഇതുവരെ വിരമിച്ചിട്ടില്ല. ഒരു ലോകകപ്പ് കൂടി കളിക്കണമെന്നുണ്ട്. പക്ഷേ, അവര്‍ അനുവദിക്കില്ല. ജമൈക്കയില്‍ വച്ച് അവര്‍ എനിക്ക് ഒരു വിടവാങ്ങല്‍ മത്സരം നല്‍കിയാല്‍ അതിനു ശേഷം ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കും.”- ഗെയില്‍ പറഞ്ഞു.

 

Top