“വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക” – ഇന്ന് ലോക വനിതാ ദിനം

സ്ത്രീ മുന്നേറ്റവും അവകാശ സംരക്ഷണവും ഓര്‍മിപ്പിച്ച് ഇന്ന് ലോക വനിതാ ദിനം. വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവര്‍ നേടിയെടുക്കുന്ന നേട്ടങ്ങളും എടുത്തുകാണിക്കുകയെന്നതാണ് വനിതാദിനത്തിന്റെ പ്രധാന്യം.കോവിഡ് എന്ന മഹാമാരി  തീര്‍ത്ത ദുരന്തങ്ങളില്‍ നിന്നും രാജ്യങ്ങള്‍ കരകയറി വരുന്നേയുള്ളൂ. എല്ലാവരും ഒന്നിച്ച് പോരാടേണ്ട ഈ അവസ്ഥയിലും സ്ത്രീകളെയും പെണ്‍കുട്ടികളെയും പാര്‍ശ്വവല്‍ക്കരിക്കുന്ന വ്യവസ്ഥിതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു പിന്നീട് ലോക വനിതാദിനത്തിന് ചുക്കാൻ പിടിച്ചതും.

1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ‘ബ്രഡ് ആന്‍ഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാല് ദിവസത്തെ സമരത്തിനൊടുവില്‍ സാര്‍ ചക്രവര്‍ത്തി മുട്ടുമടക്കി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതോടെയാണ് ലോകമെങ്ങും ഒരേ ദിവസം വനിതാദിനം ആഘോഷിക്കുന്ന സാഹചര്യമുണ്ടായത്.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആ ഐതിഹാസിക സമരം തുടങ്ങുന്ന ദിവസം മാര്‍ച്ച് എട്ടിന് ആയിരുന്നു. അതിന്‍റെ ഓര്‍മയ്ക്കായി പിന്നീടങ്ങോട്ട് എല്ലാവര്‍ഷവും മാര്‍ച്ച് എട്ടിന് തന്നെ ലോകവനിതാദിനം ആഘോഷിച്ചു തുടങ്ങുകയായിരുന്നു.

Top