മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് കോളറ; എട്ട് പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു. എട്ട് പേരെ നിരീക്ഷണത്തില്‍ വെക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വയറിളക്കം വയറുവേദന, ഛര്‍ദി മുതലായ രോഗലക്ഷണം ഉള്ളവര്‍ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. മുന്‍കരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയതായും ഡി എം ഒ ഡോ. സക്കീന അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മലമൂത്ര വിസര്‍ജ്ജനത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. വയറിളക്ക രോഗമുള്ളവര്‍ രോഗലക്ഷണം തുടങ്ങി വൈദ്യസഹായം ലഭിക്കുന്നത് വരെയും ഒ.ആര്‍.എസ് ലായനിയോ ഉപ്പിട്ട കഞ്ഞി വെള്ളമോ ധാരാളം കുടിക്കണം.

Top