കോളറ: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശവുമായി പൊതുജനാരോഗ്യ വകുപ്പ്

മലപ്പുറം:മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പൊതുജനാരോഗ്യവകുപ്പിന്റെ നിര്‍ദേശം. മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി.

രോഗവ്യാപനം തടയാന്‍ ആശുപത്രികളില്‍ പ്രത്യേകസൗകര്യങ്ങളൊരുക്കി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും മാര്‍ക്കറ്റുകളിലും പരിശോധനതുടങ്ങിയിട്ടുണ്ട്. ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തിലും മാവൂരിലും ഇതരസംസ്ഥാനതൊഴിലാളികള്‍ക്കിടയിലാണ് കോളറ സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിലമ്പൂരിലാണ് ഒടുവില്‍ കോളറബാധ കണ്ടെത്തിയത്. കൂടെ നിലമ്പൂര്‍ ടൗണില്‍ ഫാന്‍സി കടനടത്തുന്ന പട്ടാമ്പി സ്വദേശിയ്ക്കുകൂടി കോളറ ബാധ സംശയിക്കുന്നു. ഇയാളെ തൃശൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ജില്ലയില്‍ കുറ്റിപ്പുറത്തും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ വകുപ്പ് അഡിഷനല്‍ ഡയറക്ടറാണ് ഇരുജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശംനല്‍കിയത്.

Top