നായിഡുവിനൊപ്പം കൂടി സഖ്യത്തിനില്ലെന്ന്‌, കടുത്ത നിലപാടുമായി റാവുവും ജഗനും !

naidu-rao-jagan

ഇതിനെയാണ് പ്രതിപക്ഷത്തിന്റെ ഗതികേട് എന്ന് വിളിക്കുക. ഉറപ്പിച്ച് ഒരു സീറ്റില്‍ പോലും വിജയിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റാത്ത പാര്‍ട്ടിയുടെ നേതാവാണിപ്പോള്‍ പ്രധാനമന്ത്രിയെ സൃഷ്ടിക്കാന്‍ ഓടി നടക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കിംഗ് മേക്കര്‍ ചമഞ്ഞ് ഡല്‍ഹിയില്‍ വിലസുന്നത്.

ബി.ജെ.പി വിരുദ്ധ നിലപാടുള്ള എല്ലാ പാര്‍ട്ടികളെയും മഹാസഖ്യത്തിലേക്ക് ക്ഷണിക്കുകയാണെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ബി.ജെ.പി ഇതര പാര്‍ട്ടികളെ ഒരുമിപ്പിച്ച് മുന്നണി രൂപത്തിലേക്ക് സഖ്യം ശക്തമാക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം.

എത്ര സീറ്റ് ടി.ഡി.പിക്ക് കിട്ടുമെന്നതിലല്ല വിരലിലെണ്ണാവുന്ന സീറ്റുകള്‍ കിട്ടിയാല്‍ പോലും കേന്ദ്രമന്ത്രിപദം ഉറപ്പിക്കുന്നതിനാണ് ഈ കളി. ആന്ധ്ര ഭരണം എന്തായാലും പോകുമെന്ന കാര്യത്തില്‍ ടി.ഡി.പി അണികള്‍ക്ക് പോലും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി ആകെ പ്രതീക്ഷ 25 ലോകസഭ സീറ്റില്‍ എത്രയെണ്ണം കിട്ടുമെന്നത് മാത്രമാണ്. പ്രതിപക്ഷത്തിന് ഒരു സര്‍ക്കാര്‍ തട്ടിക്കൂട്ടാന്‍ കഴിഞ്ഞാല്‍ അതിന്റെ ഭാഗമായെങ്കിലും പിടിച്ചു നില്‍ക്കാനാണ് അവസാനഘട്ട നീക്കം.

അധികാരമില്ലാതെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ടി.ഡി.പിയും ചന്ദ്രബാബു നായിഡുവും മാറി കഴിഞ്ഞു. 2014-ല്‍ ബി.ജെ.പിയുമായി സഖ്യമായി ആന്ധ്രയുടെ ഭരണം പിടിച്ചും ഭൂരിപക്ഷം ലോകസഭ സീറ്റുകള്‍ തൂത്ത് വാരിയും ടി.ഡി.പി ഞെട്ടിച്ചിരുന്നു. മോദി അധികാരത്തില്‍ വന്നപ്പോള്‍ സകല സൗഭാഗ്യങ്ങളും ചന്ദ്രബാബു നായിഡു അനുഭവിക്കുകയും ചെയ്തു. എന്‍.ഡി.എ കണ്‍വീനര്‍ വരെയായി. പിന്നീട് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കാരണം ഉണ്ടാക്കി എന്‍.ഡി.എയില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ച് ആളാവാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ ശ്രമം നടത്തി പരാജയപ്പെട്ട മറ്റൊരാള്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവാണ്.

ഈ രണ്ട് മുഖ്യമന്ത്രിമാരുടെയും അധികാര മോഹമാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ വലിയ ചര്‍ച്ച. ചന്ദ്രബാബു നായിഡുവിന്റെ അരങ്ങേറ്റം യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കാണ് ഗുണമാകുന്നത്. ആന്ധ്ര തൂത്ത് വരുമെന്ന് വിലയിരുത്തപ്പെടുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ഒരിക്കലും ചന്ദ്രബാബു നായിഡുവുള്ള മുന്നണി യോട് സഹകരിക്കാന്‍ സാധ്യത ഇല്ല.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ടി.ആര്‍.എസിനും ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യം ഇഷ്ടമല്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്കാകും കാര്യങ്ങള്‍ എളുപ്പമാകുക. ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി ആയാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ടി.ആര്‍.എസും ബി.ജെ.പി പാളയത്തിലേക്ക് ചായാനാണ് സാധ്യത. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി 42 ലോക് സഭാംഗങ്ങളാണുള്ളത്. ടി.ആര്‍.എസിന്റേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും പാത തന്നെയായിരിക്കും ബിജു ജനതാദളും തിരഞ്ഞെടുക്കുക. രാജ്യസഭയില്‍ നിര്‍ണ്ണായക സാഹചര്യങ്ങളില്‍ ബില്ലുകള്‍ പാസാക്കാന്‍ മോദി സര്‍ക്കാറിനെ പിന്തുണച്ച പാരമ്പര്യം ടി.ആര്‍.എസിനും ബിജു ജനതാദളിനുമുണ്ട്.

എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം കിട്ടിയാലും ഈ പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് ബി.ജെ.പി സ്വാഗതം ചെയ്തേക്കും. ശിവസേന ഉയര്‍ത്താന്‍ ഇടയുള്ള വിലപേശല്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം. വിജയിക്കാന്‍ സാധ്യതയുള്ള സ്വതന്ത്ര എം.എല്‍.എമാരുടെ കണക്കെടുത്ത് സമാന്തര ഓപ്പറേഷനും ബി.ജെ.പി ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. യു.പിയില്‍ നിന്ന് എസ്.പി അല്ലെങ്കില്‍ ബി.എസ്.പി ഇതിലേതെങ്കിലും ഒരു പാര്‍ട്ടിയെ പിടിക്കാനും അവര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. നടന്നില്ലങ്കില്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമം. എന്‍.സി.പി നേതൃത്വത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ബി.ജെ.പിക്ക് ഉണ്ട്.പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുന്നത് പവാര്‍ ഇഷ്ടപ്പെടാത്ത സാഹചര്യത്തില്‍ പ്രതീക്ഷ വലുതാണ്.

കോണ്‍ഗ്രസ്സും ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും, ഒഴികെയുള്ള പാര്‍ട്ടികളെ ലക്ഷ്യമിട്ടാണ് എല്ലാ നീക്കങ്ങളും. സോണിയയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍ ചായ കുടിച്ച് കാവി പാളയത്തിലേക്കാണ് വരികയെന്ന പരിഹാസവും ബി.ജെ.പി നടത്തുന്നുണ്ട്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് തട്ടിക്കൂട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണവും വെല്ലുവിളിയാകും.

മന്ത്രി സ്ഥാനം, വകുപ്പുകള്‍, ആരാണ് പ്രധാനമന്ത്രി എന്നീ കാര്യങ്ങളില്‍ പ്രതിപക്ഷത്ത് തന്നെ വലിയ ഭിന്നതക്കും വിലപേശലിനും ഇടയാക്കും. ഇവിടെയാണ് ബി.ജെ.പിക്ക് അനുകൂലമായ ഘടകമുളളത്. യു.പി.എയെ പോലെയോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ പോലെയോ ഒരു തര്‍ക്കം എന്‍.ഡി.എയില്‍ എന്തായാലും ഉണ്ടാകില്ല.


ബി.ജെ.പി തന്നെയാണ് മുന്നണിയിലെ പ്രധാന ശക്തി, പിന്നെ ജെ.ഡി.യുവും ശിവസേനയുമാണ് കരുത്തന്‍മാര്‍. പ്രതിപക്ഷത്ത് നിന്നും എത്ര പാര്‍ട്ടികളെ സ്വീകരിച്ചാലും മന്ത്രിപദവി വീതം വയ്ക്കല്‍ കാവിപടയ്ക്ക് വലിയ തടസ്സമാകില്ല. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക പാര്‍ട്ടികളും ബി.ജെ.പി സാധ്യതയാകും ആദ്യ ഓപ്ഷനാക്കുക.

ഇപ്പോള്‍ കലി തുള്ളുന്നുണ്ടെങ്കിലും മോദി, സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത തെളിഞ്ഞാല്‍ മമതക്കും മായാവതിക്കും പോലും ചങ്കിടിക്കും. സി.ബി.ഐയെ പേടിക്കേണ്ട കാര്യം ഇരു നേതാക്കള്‍ക്കും ഉണ്ട്. മോദി വീണ്ടും വന്നാല്‍ മമത സര്‍ക്കാറിനെ തന്നെ ഉടന്‍ പിരിച്ച് വിടാനും സാധ്യത കൂടുതലാണ്.

ബി ജെ പിയും കോണ്‍ഗ്രസ്സും എത്ര സീറ്റില്‍ വിജയിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും പ്രാദേശിക പാര്‍ട്ടികള്‍ അന്തിമ തീരുമാനത്തിലെത്തുക.

Political Reporter

Top