വരാപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 78 പേര്‍

suicide

കൊച്ചി: കേരള പൊലീസിനെ ഉലച്ച വരാപ്പുഴ കസ്റ്റഡി മരണത്തിനു കാരണമായ ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയ സംഭവം സാമൂഹികക്ഷേമ വകുപ്പ അന്വേഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാപ്പുഴ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 78 പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യമാണ് സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷിക്കുന്നത്. അതേസമയം , പൊലീസ് റിപ്പോര്‍ട്ട് ചെയ്യാത്ത 15-ഓളം ആത്മഹത്യകളും നടന്നിരുന്നുവെന്നാണ് വിവരം.

ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് വാസുദേവന്‍ താമസിച്ചിരുന്ന ദേവസ്വംപാടത്തും സമീപ പ്രദേശത്തുമാണെന്നതും അത്ഭുതപ്പെടുത്തുകയാണ്. 2013-17 കാലയളവില്‍ 72 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തിരുന്നത്. ഇതില്‍ 20 പേര്‍ സ്ത്രീകളാണ്. 15 മുതല്‍ 65 വരെ വയസ്സുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ ഇതിനെ കുറിച്ച് ഇതുവരെ ആഴത്തിലുള്ള പഠനങ്ങളൊന്നും സാമൂഹികക്ഷേമ വകുപ്പോ സന്നദ്ധസംഘടനകളോ സ്വകാര്യ ഏജന്‍സികളോ നടത്തിയിട്ടില്ല. ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തോടെയാണ് ഇതിലേക്ക് വഴിയൊരുക്കിയത്.

വാസുദേവന്റെ സഹോദരന്‍ ദിവാകരനും അയല്‍വാസിയായ സുമേഷും തമ്മിലുള്ള അടിപിടിയും വീടുകയറിയുള്ള അക്രമണവുമാണു വാസുദേവന്റെ ആത്മഹത്യയ്ക്കു പ്രേരണയായി പൊലീസ് ആദ്യം കണക്കാക്കിയത്. എന്നാല്‍ ശ്രീജിത്ത് അടക്കം അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള ആത്മഹത്യാ പ്രേരണക്കുറ്റം തുടരന്വേഷണത്തില്‍ പൊലീസ് ഒഴിവാക്കി. ഇതോടെ വാസുദേവന്റെ ആത്മഹത്യയുടെ യഥാര്‍ഥ കാരണം ഇപ്പോഴും ഇരുട്ടിലാണ്.

വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ദേവസ്വംപാടം പ്രദേശത്തെ അസാധാരണമായ ആത്മഹത്യാനിരക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടത്. കുറ്റകൃത്യങ്ങളുടെ പതിവു വാര്‍ഷിക റിപ്പോര്‍ട്ടുകളുടെ കൂട്ടത്തില്‍ അല്ലാതെ ഇതുസംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഒന്നും ഇതുവരെ വരാപ്പുഴ പൊലീസും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.

2013-ല്‍ പതിനൊന്നു ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴു പുരുഷന്മാരും, നാല് സ്ര്തീകളും ഉള്‍പ്പെടുന്നു. 2014-ല്‍ 13 സ്ത്രീകളും, നാലു പുരുഷന്മാരും ഉള്‍പ്പെടെ പതിനേഴുപേര്‍ ജീവനൊടുക്കി. 2015-ല്‍ ആറു പേരാണ് ജീവനൊടുക്കിയത്. ഇതില്‍ നാലു പേര്‍ പുരുഷന്മാകരും രണ്ടു പേര്‍ സ്ത്രീകളുമാണ്. 2016-ല്‍ 105 പുരുഷന്മാരും 5 സ്ത്രീകളുമുള്‍പ്പെടെ 15 പേര്‍ ജീവനൊടുക്കിയിരുന്നു. 2017-ല്‍ 23 പേരാണ് വരാപ്പുഴയില്‍ നിന്നും ജീവനൊടുക്കിയത്. ഇതില്‍ കൂടുതലും പുരുഷന്മാരാണ് 18 പേര്‍, സ്ത്രീകള്‍ 5 പേര്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് 2017 കാലയളവിലാണ്. പൊലീസ് പട്ടികയില്‍ റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യകള്‍ മാത്രമാണിത്. ഇതിനു പുറമെ 15 പേര്‍ ആത്മഹത്യ ചെയ്തത് പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല.

Top