ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് നാളെ തുടക്കം

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് നാളെ തുടക്കമാവും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുമ്പോള്‍ ലിവര്‍പൂള്‍ ബെന്‍ഫിക്കയെ നേരിടും. നാളെ പുലര്‍ച്ചെ 12.30 നാണ് മത്സരം.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനൊരുങ്ങുകയാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. നാളെ നടക്കുന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിനെയാണ് സിറ്റി നേരിടുക. ഡിബ്രൂയിനും റിയാസ് മഹാരിസും സ്റ്റര്‍ലിംഗും നയിക്കുന്ന മുന്നേറ്റപട തന്നെയായിരിക്കും ഇംഗ്ലീഷ് ക്ലബിന്റെ കരുത്ത്. മറുപുറത്ത് അന്റോണിയോ ഗ്രീസ്മാന്റെ മുന്നേറ്റത്തിലെ പ്രകടനം വിശ്വസിച്ചാണ് അത്ലറ്റിക്കോ മാഡ്രിഡിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തായിരുന്നു അത്ലറ്റിക്ക് ക്ലബിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയുമായാണ് ലിവര്‍പൂളിന്റെ പോരാട്ടം. സലായും മാനെയും ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടില്‍ പന്ത് കൊണ്ട് മായാജാലം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ലോകം. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ബാഴ്സലോണയെല്ലാം തോല്‍പ്പിച്ചെത്തുന്ന ബെന്‍ഫിക്കയെ തള്ളിക്കള്ളയാന്‍ സാധിക്കില്ല. മൂന്ന് ഗോളിനായിരുന്നു ബാഴ്സക്കെതിരെ ബെന്‍ഫിക്കയുടെ വിജയം.
ഏപ്രില്‍ ഏഴിന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് വിയ്യാറയലിനെയും ചെല്‍സി റയല്‍മാഡ്രിഡിനെയും നേരിടും. അടുത്ത മാസം 29നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.

Top