ചിറ്റിലപ്പിള്ളിയുടെ അഹങ്കാരത്തിന് കൂച്ച് വിലങ്ങ്, പണത്തിന് മീതെ ‘പലതും’ പറക്കും. . .

ണം ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ആളാകാം എന്ന തോന്നല്‍ ഒരു ബിസിനസ്സുകാരന് ഉണ്ടാകുന്നത് സ്വാഭാവികം.

അതുപോലെ മാത്രമേ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന ബിസിനസ്സുകാരനെയും കാണാന്‍ പറ്റൂ. മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുവാന്‍ വേണ്ടി ചെയ്യുന്നത് എല്ലാം ജനസേവനമായി കാണാന്‍ സാധിക്കില്ല.

സാമ്പത്തിക ശേഷി ഇല്ലാത്തവരും ഈ നാട്ടില്‍ പരസഹായം ചെയ്യാറുണ്ട്. അവരാരും പക്ഷേ മാധ്യമങ്ങളില്‍ വാര്‍ത്തയാവാന്‍ നിന്നു കൊടുക്കാറില്ലെന്ന് മാത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.എം നടത്തിയ ഒരു ഉപരോധ സമരത്തിനിടയിലൂടെ സ്‌കൂട്ടറുമായി പോയി വിവാദ നായികയായ യുവതിക്ക് ലക്ഷങ്ങള്‍ പരിതോഷികം നല്‍കിയ ചിറ്റിലപ്പള്ളി എന്തേ സ്വന്തം സ്ഥാപനത്തില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കിയില്ല ?

ഈ ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ട് കുറേ നാളായി എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോള്‍ നടത്തിയ പരാമര്‍ശം ചിറ്റിലപ്പള്ളിയുടെ തനിനിറം തുറന്നു കാട്ടുന്നതാണ്.

റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. തൃശൂര്‍ സ്വദേശി വിജേഷ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ പരാമര്‍ശം.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ചിറ്റിലപ്പിള്ളിയുടെ വാദത്തിനും കനത്ത പ്രഹരമേറ്റു.

എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും അത് എന്താ ഓര്‍ക്കാത്തതെന്നും ചോദിച്ച ഹൈക്കോടതി ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ തുറന്നു കാട്ടുന്ന സംഭവമാണ് ഈ ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടി.

ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കുവേണ്ടിയാണോ എന്ന ചോദ്യവും മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടതെന്ന കോടതിയുടെ ഓര്‍മ്മപ്പെടുത്തലും ചിറ്റലപ്പള്ളി വടി കൊടുത്ത് അടി വാങ്ങിയതിന് സമാനമാണ്. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ആ പാവം യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ചിറ്റിലപ്പിള്ളി തയ്യാറാകണം. 2002 ഡിസംബര്‍ 22ന് പറ്റിയ അപകടത്തില്‍ ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമാണ് വിജേഷിന് നഷ്ടമായിരിക്കുന്നത്.

ശരീരം തളര്‍ന്ന് കിടക്കുന്ന ഒരു യുവാവിനോട് നിങ്ങളുടെ വാശി തീര്‍ക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റതിന് ഉത്തരവാദിത്വം സ്ഥാപന മേധാവി എന്ന നിലയില്‍ ചിറ്റിലപ്പിള്ളിക്കുണ്ട്.

ഹൈക്കോടതി നിലപാടിനെതിരെ സുപ്രീം കോടതി അടക്കമുള്ള പരമോന്നത നീതി പീഠത്തെ സമീപിച്ച് വീണ്ടും തീരുമാനം വലിച്ച് നീട്ടാനും ശ്രമിക്കരുത്. അത് ഒരു പക്ഷേ ഇതിനേക്കാള്‍ വലിയ പ്രഹരമാകും നിങ്ങള്‍ക്ക് സമ്മാനിക്കുക.

കോടി കണക്കിന് രൂപയുടെ പരസ്യങ്ങള്‍ താങ്കളില്‍ നിന്നും സ്വീകരിക്കുന്ന കുത്തക മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിജേഷ് എന്ന ചെറുപ്പക്കാരന്റെ കണ്ണീര്‍ കാണാനുള്ള സമയമുണ്ടാകില്ല. അവര്‍ക്ക് സമരമുഖത്ത് വാഹനം ഇടിച്ചു കയറ്റുന്ന യുവതിയും അവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന ലക്ഷങ്ങളുടെ പാരിതോഷികവുമായിരിക്കും വിലപ്പെട്ട വാര്‍ത്താ വിഭവം.

നവമാധ്യമങ്ങള്‍ അനുദിനം ശക്തമാവുന്ന പുതിയ കാലത്ത് ഇനി ആ പരിപ്പും വേവില്ല.

Top