ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടേത് മുങ്ങിമരണം ; മര്‍ദ്ദനമേറ്റതിന്റെ സൂചനകളില്ല

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ സൂചനകളില്ലെന്നും തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൈ ഒടിഞ്ഞത് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതിന് പിന്നാലെ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം സ്വന്തം ഫാമിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

Top