സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി മുൻ എസ്.എഫ്.ഐക്കാരി ! . . .

പുലിക്കൂട്ടില്‍ പുലിക്കുട്ടിക്ക് കയറാം അതിന് പേടിക്കേണ്ട കാര്യമില്ല, സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ ഡി.സി.പി ചൈത്ര തെരേസ കയറിയതിനെ വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം.

ഐ.പി.എസ് ലഭിക്കുന്നതിനു മുന്‍പ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു ചൈത്ര.

കമ്യൂണിസവും ആ പ്രത്യയശാസ്ത്രം നല്‍കുന്ന അറിവും കരുത്തും കൈമുതലാക്കിയ ഐ.പി.എസുകാരി. മനസ്സിലെ ചുവപ്പ് ആശയമൊന്നും പക്ഷേ നീതി നടപ്പാക്കാന്‍ കാക്കി ധരിച്ചാല്‍ ചൈത്രക്കില്ല.

എ.എസ്.പിയായി സര്‍വ്വീസില്‍ കയറിയ നാള്‍ മുതല്‍ കാക്കിയിലെ ഈ കാര്‍ക്കശ്യം സഹപ്രവര്‍ത്തകര്‍ അനുഭവിച്ചതാണ്, കേരളം കണ്ടതാണ്.

കോട്ടയത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ മദ്യപിച്ച് വാഹനം ഓടിച്ചപ്പോള്‍ പിടികൂടിയ ചൈത്രയോട് അയാളെ വിടാന്‍ പറഞ്ഞ എസ്.പിയോട് നോ പറയാന്‍ ചങ്കുറപ്പ് കാണിച്ച ഐ.പി.എസുകാരിയാണിവള്‍. കല്‍പ്പറ്റയിലും തലശ്ശേരിയിലും എ.എസ്.പിയായി മികച്ച പ്രകടനമാണ് ചൈത്ര കാഴ്ചവച്ചത്.

പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതിന് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ് നടത്താമെങ്കില്‍ കല്ലെറിഞ്ഞതിന് സി.പി.എം ഓഫീസിലും റെയ്ഡ് നടത്താമെന്നതാണ് നയം.

അക്രമം ആര് കാട്ടിയാലും അത് അമര്‍ച്ച ചെയ്യാനും നടപടി സ്വീകരിക്കാനും പൊലീസിന് ബാധ്യതയുണ്ടെന്നും ആ കടമയാണ് തിരുവനന്തപുരത്ത് ഡി.സി.പി നിര്‍വ്വഹിച്ചതെന്നുമാണ് പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞവരെ പിടികൂടാന്‍ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുന്നതിനു മുന്‍പ് പൊലീസില്‍ നിന്നു തന്നെ വിവരം ചോര്‍ത്തി നല്‍കിയെന്ന പരാതിയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. അത് കൊണ്ടാണ് പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതത്രെ. പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ കാണാന്‍ അനുമതി നല്‍കാത്തതിനാലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ആക്രമണം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചൈത്ര തെരേസ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ പാതിരാത്രി തന്നെ റെയ്ഡ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ വിലക്കാന്‍ ശ്രമിച്ച കീഴുദ്യോഗസ്ഥരെയും ശരിക്കും വിറപ്പിച്ച് കളഞ്ഞു.

വൈജയന്തി ഐ.പി.എസ് എന്നൊക്കെ സിനിമയിലേ കണ്ടിട്ടൊള്ളൂ എന്നാല്‍ രാത്രി തങ്ങള്‍ അത് നേരിട്ട് അനുഭവിച്ചു എന്നാണ് തെരേസക്ക് ഒപ്പം ഉണ്ടായിരുന്നു പൊലീസുദ്യോഗസ്ഥര്‍ സി.പി.എം നേതൃത്വത്തോട് വ്യക്തമാക്കിയത്.

റെയ്ഡിന് പോകാന്‍ വിസമ്മതം പ്രകടിപ്പിച്ച സി.ഐയെ ഡി.സി.പി വിരട്ടി വിറപ്പിച്ചു കളഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

സിറ്റിയിലെ പൊലീസിന്റെ തലവനാകട്ടെ അര്‍ദ്ധരാത്രിയില്‍ നടന്ന പൊലീസ് ഓപ്പറേഷന്‍ അറിയാതെ സുഖ നിദ്രയിലുമായിരുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ വിലക്കിയിട്ടും ഡി.സി.പി സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് നടത്തുകയായിരുന്നുവോ ? അതോ അറിയിക്കാനെ ഇരുന്നതാണോ? എന്ന ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് പൊലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

പ്രകാശ് എന്ന സത്യസന്ധനും കര്‍ക്കശക്കാരനുമായ കമ്മീഷണറെ സ്ഥലം മാറ്റിയാണ് മുന്‍ ആലപ്പുഴ എസ്.പി ആയിരുന്ന സുരേന്ദ്രനെ ഉദ്യോഗക്കയറ്റം നല്‍കി സിറ്റി പൊലീസ് കമ്മീഷണറാക്കിയിരുന്നത്.

കണ്‍ഫേഡ് ഐ.പി.എസ് കാരനു കീഴില്‍ നേരിട്ട് ഐ.പി.എസ് നേടിയ യുവ എസ് പിമാര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനും ഈ സംഭവം ഒരു ഉദാഹരണമാണ്. കോട്ടയത്ത് നടന്നതും സമാനമായ ഇടപെടലാണ്.

ജോലി ചെയ്ത എല്ലാ സ്ഥലത്തും കര്‍ക്കശ നടപടികളിലൂടെ ശ്രദ്ധേയയായ ഐ.പി.എസ് ഓഫീസറാണ് ചൈത്ര.

ഈ കടുപ്പം അറിയുന്നത് കൊണ്ടും രാഷ്ട്രീയ ശുപാര്‍ശയില്‍ ക്രമസമാധാന ചുമതലയില്‍ വരാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലുമാണ് അവര്‍ വനിതാ സെല്ലില്‍ ഒതുക്കപ്പെട്ടത്.

കോഴിക്കോട് സ്വദേശിയാണ് ചൈത്ര തെരേസ ജോണ്‍ എന്ന ഈ ഐപിഎസുകാരി. ഐപിഎസ് നേടി മുന്നൂ വര്‍ഷം മാത്രം പിന്നിടുന്ന ചൈത്ര തലശ്ശേരി പോലീസ് സബ്ഡിവിഷനിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന നിലയിലാണ് ആദ്യം അറിയപ്പെടുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളനിലമായ ഇവിടെ വച്ച് സുപ്രധാനമായ രണ്ട് കൊലപാതക കേസുകളുടെ മേല്‍നോട്ട ചുമതലയും ചൈത്ര തെരേസ ജോണിനായിരുന്നു.

2015 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ നിന്നും രാജിവച്ചാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിലെത്തുന്നത്.

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടുവരെയുള്ള ചൈത്രയുടെ വിദ്യാഭ്യാസം. ബംഗളൂരു ക്രൈസ്റ്റ് കോളേജില്‍നിന്ന് സൈക്കോളജി, സോഷ്യോളജി സാഹിത്യത്തില്‍ ബിരുദവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇവിടെ എസ്എഫ്‌ഐ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ മികച്ച വനിതാ ഓള്‍റൗണ്ട് പ്രൊബേഷണര്‍, മികച്ച വനിതാ ഔട്ട്‌ഡോര്‍ പ്രൊബേഷണര്‍ എന്നീ അംഗീകാരങ്ങളും നേടിയിരുന്നു. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റും നേടിയിട്ടുണ്ട്.

ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികള്‍ കീഴടങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതും ചൈത്രയുടെ കടുത്ത നിലപാടിനെ തുടര്‍ന്നായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂണിയന്‍ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു.

അതേസമയം, സിപിഎം ജില്ലാക്കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്തതിനെത്തുടര്‍ന്ന് ചൈത്ര തെരേസ ജോണിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ ഐപിഎസുകാര്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

political reporter

Top