ചിദാനന്ദപുരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

പത്തനംതിട്ട: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ചിദാനന്ദപുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ്. സംഭവം ചൂണ്ടിക്കാണിച്ച് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞദിവസം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്നും ചിദാനന്ദപുരി ആഹ്വാനം ചെയ്തത്.

ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്നു എന്ന തെറ്റായ പ്രചാരണം ചിദാനന്ദപുരി നടത്തിയെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയുമാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ശബരിമല കര്‍മ്മസമിതി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത ചിഹ്നങ്ങളും വിശ്വാസപ്രമാണങ്ങളും ദുരുപയോഗം ചെയ്യരുതെന്ന ചട്ടം പരസ്യമായി ലംഘിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Top