‘വിക്രത്തിന്’ പൊന്നാടയണിയിച്ച് ചിരഞ്ജീവി; ഒപ്പം സൽമാൻ ഖാനും

ന്ത്യന്‍ സിനിമയെ ആവേശം കൊള്ളിച്ച് മുന്നേറുകയാണ് കമല്‍ ഹാസന്‍ ചിത്രം വിക്രം. സമീപകാലത്തെ ഏറ്റവും വിജയം കൈവരിച്ച ചിത്രമാണ് വിക്രം . ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഈ വിജയത്തില്‍ തന്‍റെ ഉറ്റ സുഹൃത്തിനെ അഭിനന്ദിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരം. തെലുങ്ക് താരം ചിരഞ്ജീവിയാണ് കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തിയത്.

അതേസമയം അത്താഴ വിരുന്നില്‍ ആശംസ അർപ്പിക്കാനായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും ഉണ്ടായിരുന്നു. കമല്‍ ഹാസനൊപ്പം വിക്രം സംവിധായകന്‍ ലോകേഷഅ കനകരാജും ചിരഞ്ജീവിയുടെ ക്ഷണപ്രകാരം എത്തിയിരുന്നു. പൂച്ചെണ്ട് നല്‍കി, പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി കമല്‍ ഹാസനെ പുതിയ വിജയത്തില്‍ അഭിനന്ദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിരഞ്ജീവി തന്നെയാണ് ഈ വിരുന്നിനെക്കുറിച്ച് അറിയിച്ചത്.

1986ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കമലിന്‍റെ നായക കഥാപാത്രത്തെ തന്‍റേതായ സിനിമാറ്റിക് വേള്‍ഡിലേക്ക് ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകാവേശം ഇരട്ടിപ്പിച്ച ഘടകമാണ്. തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

Top