ബീഹാറിൽ ഇനി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുതിയ ‘വില്ലൻ’ ! !

ബീഹാറില്‍ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി കറുത്ത കുതിരയാകുമോ ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നതിപ്പോള്‍ ഈ യുവാവിലേക്കാണ്. രാംവിലാസ് പസ്വാന്റെ മരണം സഹതാപ തരംഗത്തിന് കാരണമായാല്‍ ചിരാഗ് പസ്വാന്റെ എല്‍.ജെ.പി നിര്‍ണായക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ തന്നെ പ്രമുഖ ദളിത് നേതാവായിരുന്നു രാംവിലാസ് പസ്വാന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെതര്‍മാന്‍’ എന്നാണ് രാം വിലാസ് പസ്വാനെ എതിരാളികള്‍ എന്നും വിശേഷിപ്പിക്കാറുളളത്. ഏതുസഖ്യത്തിനൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ പസ്വാനെ കഴിഞ്ഞേ മറ്റാരുമുളളൂവെന്നതിനാലാണ് അദ്ദേഹത്തിന് എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആ പേരിട്ടിരുന്നത്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തില്‍വരുമെന്ന് മുന്‍കൂട്ടി കാണാനും കഴിഞ്ഞിരുന്നതാണ് രാം വിലാസ് പസ്വാനെ ഈ സവിശേഷതയ്ക്ക് ഉടമയാക്കി മാറ്റിയിരുന്നത്.

1989 മുതല്‍ അധികാരത്തിലേറിയ എട്ടു കേന്ദ്രമന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞതും അതുകൊണ്ടു മാത്രമാണ്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ഒരേയൊരു കേന്ദ്രമന്ത്രിസഭയില്‍ മാത്രമായിരുന്നു അദ്ദേഹം ഭാഗമല്ലാതിരുന്നത്. 2009 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. സഖ്യമുണ്ടാക്കുന്നതില്‍ മിടുക്കനായിരുന്ന പസ്വാന്‍ ആ സമത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ആര്‍ജെഡിയുമായാണ് സഖ്യമുണ്ടാക്കിയിരുന്നത്. അവിടെയാണ് അദ്ദേഹത്തിന് പാളിയതും. ഹജിപുരില്‍ നിന്ന് തോല്‍വിയായിരുന്നു ഫലം. പിന്നീട് രാജ്യസഭയിലെത്തിയിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ കൂടെക്കൂട്ടാന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഈ അവഗണനയേയും പക്ഷേവളരെ ഫലപ്രദമായി തന്നെയാണ് പാസ്വാന്‍ കൈകാര്യം ചെയ്തിരുന്നത്.

 

2014-ല്‍ നരേന്ദ്രമോദിയുടെ കീഴിലുളള എന്‍ഡിഎ ക്യാമ്പിലേക്ക് അനായാസേന പസ്വാന്‍ കൂടുമാറിയതും തന്ത്രപരമായിരുന്നു. ഗുജറാത്ത് കലാപത്തെചൊല്ലി എന്‍.ഡി.എ സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച പസ്വാന്‍ കൃത്യസമയം മനസ്സിലാക്കി തിരിച്ചെത്തുകയാണുണ്ടായത്. മരണം വരെ അദ്ദേഹം എന്‍.ഡി.എയുടെ ഭാഗവുമായിരുന്നു. 1969ലെ ബിഹാര്‍ ഇലക്ഷനില്‍ മത്സരിച്ചുകൊണ്ടാണ് പസ്വാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തിക നിരസിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുളള ഈ ദളിത് നേതാവിന്റെ ചുവടുമാറ്റം.

77-ല്‍ പസ്വാന്‍ ദേശീയ രാഷ്ട്രീയത്തിലെത്തി. തുടര്‍ന്ന് ജയപരാജയങ്ങള്‍ അറിഞ്ഞുളള മൂന്നുദശകങ്ങളായിരുന്നു. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ആദ്യമായി 2019-ലെ പൊതുതിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിന്നിരുന്നത്. എന്നാല്‍ അന്ന് പകരം മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി അദ്ദേഹം വിജയം കുടുംബത്തിന്റേതാക്കി മാറ്റുകയുണ്ടായി. രാംവിലാസ് പസ്വാന്റെ ഈ മാതൃക തന്നെയാണ് മകന്‍ ചിരാഗ് പസ്വാനും ഇപ്പോള്‍ പിന്‍തുടരുന്നത്. ബി.ജെ.പിയെ പിണക്കാതെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

ഒറ്റക്ക് മത്സരിക്കുന്ന എല്‍.ജെ.പിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാംവിലാസ് പസ്വാന്റെ അപ്രതീക്ഷിത മരണം സഹതാപ തരംഗമുണ്ടാക്കുമെന്നാണ് എല്‍.ജെ.പി നേതാക്കളും കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ചിരാഗ് പാസ്വാന്‍ നിര്‍ണ്ണായക ഘടകമാകും. നിതീഷ് കുമാറിനും വഴങ്ങേണ്ടി വരും. പരാജയപ്പെടുകയാണെങ്കില്‍ പിതാവിന്റെ ഒഴിവില്‍ കേന്ദ്ര മന്ത്രിയാകാനാകും ചിരാഗ് ശ്രമിക്കുക. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് ബി.ജെ.പിയെ എല്‍.ജെ.പി പിണക്കാതിരിക്കുന്നത്.

ജെ.ഡി.യു സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്താനാണ് ചിരാഗ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം വലിയ പ്രതീക്ഷയിലാണിപ്പോള്‍. ഭരണപക്ഷത്തെ ഭിന്നത ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതീക്ഷ. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മുന്നണി വിട്ടത് തിരിച്ചടിയാകില്ലന്നും മഹാസഖ്യം അവകാശപ്പെടുന്നുണ്ട്. ബീഹാര്‍ ഭരണം കൈവിട്ടാല്‍ അത് മോദി സര്‍ക്കാറിനെ സംബന്ധിച്ച് വലിയ പ്രഹരമാകും. ഇത് തിരിച്ചറിഞ്ഞ് അമിത്ഷായാണിപ്പോള്‍ ബീഹാറില്‍ പ്രചരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

Top