എസ് സി,എസ് ടി നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ചേര്‍ക്കണം: ചിരാഗ് പാസ്വാന്‍

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ സംബന്ധിക്കുന്ന നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ എഴുതിച്ചേര്‍ക്കണമെന്ന് ചിരാഗ് പാസ്വാന്‍ എംപി. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന് ഇന്നലെ സുപ്രീം കോടതി വിധിച്ചിരുന്നു. വിധിയില്‍ പ്രതികരിക്കുകയായിരുന്നു ലോക് ജനശക്തി പാര്‍ട്ടി നേതാവ് കൂടിയായ ചിരാഗ് പാസ്വാന്‍.

സംവരണം ഔദാര്യമല്ല, അവകാശമാണ്. ഇത്തരം നടപടികള്‍ എസ് സി,എസ്ടി,ഒബിസി വിഭാഗക്കാരെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് സി,എസ്ടി വിഭാഗക്കാരെ സംബന്ധിക്കുന്ന നിയമങ്ങള്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി പിന്നോക്ക വിഭാഗക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാനും പറഞ്ഞു. എന്നാല്‍ ജോലി സ്ഥലങ്ങളിലെ പ്രമോഷനുകളുടെ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി ലോക്‌സഭയില്‍ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗസ് ഇന്നലെ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ സേവനങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ വെള്ളം ചേര്‍ക്കേണ്ടതില്ലെന്നും ഈ മാറ്റം നമ്മുടെ പിന്നോക്ക സമുദായങ്ങള്‍ക്ക് കനത്ത പ്രഹരമായിരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

Top