ചിപ്പ് ക്ഷാമം; സ്മാർട്ട്‌ഫോൺ വിപണിയെയും ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

സാങ്കേതിക രംഗം ആഗോളതലത്തില്‍ നേരിടുന്ന സെമി കണ്ടക്ടര്‍ ക്ഷാമം കാര്‍ നിര്‍മാണം ഉള്‍പ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്മാർട്ട്‌ഫോൺ വിപണിയ്ക്ക് പക്ഷെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കാനായി. എന്നാല്‍ സ്മാർട്ട്‌ഫോൺ നിര്‍മാണരംഗത്തും താമസിയാതെ സ്ഥിതി വഷളാവുമെന്നാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനമാരംഭിച്ച 2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ആരംഭിച്ചത്. ഈ പ്രതിസന്ധിയിലും സ്മാർട്ട്‌ഫോൺ വിപണിയ്ക്ക് പിടിച്ചുനില്‍ക്കാനായത് നേരത്തെ തന്നെ സ്വീകരിച്ച തയ്യാറെടുപ്പുകള്‍ കൊണ്ടാണ്. ആപ്ലിക്കേഷന്‍ പ്രൊസസറുകള്‍, ക്യാമറ സെന്‍സറുകള്‍ പോലുള്ളവ സംഭരിച്ചുവെക്കാന്‍ സ്മാർട്ട്‌ഫോൺ നിര്‍മാതാക്കള്‍ക്ക് സാധിച്ചു.

എന്നാല്‍ ശേഖരിച്ചുവെച്ച അനുബന്ധ ഘടകങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതും ആവശ്യത്തിന് പുതിയ സ്റ്റോക്ക് എത്താതിരിക്കുന്നതും സ്മാർട്ട്‌ഫോൺ രംഗത്തെയും ചിപ്പ് ക്ഷാമത്തിന്റെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. സാംസങ്, ഓപ്പോ, ഷാവോമി എന്നിവ ഉള്‍പ്പടെ എല്ലാ ബ്രാന്‍ഡുകളെയും സെമി കണ്ടക്ടര്‍ ക്ഷാമം ബാധിച്ചേക്കുമെന്നാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിസര്‍ച്ച് ഡയറക്ടര്‍ ടോം കാങ് പറയുന്നത്. എന്നാല്‍ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിളിന് ഈ സങ്കീര്‍ണത നേരിടാന്‍ ഒരു പരിധിവരെ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവസ്ഥ രൂക്ഷമായാല്‍ ചില സ്മാർട്ട്‌ഫോണുകളില്‍ മാത്രമായി കമ്പനികള്‍ക്ക് ശ്രദ്ധകൊടുക്കേണ്ടിവരും. മറ്റ് സ്മാർട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തിവെക്കേണ്ടിയും വരും. എന്തായാലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സ്മാർട്ട്‌ഫോൺ വിതരണത്തിലുണ്ടായ വര്‍ധനവ് അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

Top