ചിപ്പ് ക്ഷാമം; ഉല്‍പാദനം ഒരാഴ്ച നിര്‍ത്താനൊരുങ്ങി മഹീന്ദ്ര!

ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരാഴ്ചത്തേക്ക് ഉല്‍പാദനം നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 20-25 ശതമാനം വരെ മൊത്തം ഉല്‍പാദനത്തില്‍ കുറവു വരുമെന്ന് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആവശ്യമായ സൂപ്പര്‍കണ്ടക്ടര്‍ ചിപ്പുകള്‍ എത്താത്തതാണ് അടച്ചിടലുകളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ആഗോളതലത്തില്‍ ഇതേ പ്രതിസന്ധി നിലനില്‍ക്കുണ്ട്. മഹീന്ദ്രയുടെ ട്രാക്ടര്‍, ട്രക്കുകള്‍, ബസുകള്‍, ത്രീവീലര്‍ എന്നിവയുടെ ഉല്‍പാദനത്തെയും കയറ്റുമതിയെയും ഇത് ബാധിക്കില്ല.

2020ല്‍ കൊവിഡ് ലോകത്ത് പിടിമുറുക്കിയതോടെ ഉല്‍പാദനം കുറഞ്ഞതാണ് ചിപ്പുകള്‍ ലോക വിപണിയില്‍ ആവശ്യത്തിന് ലഭ്യമല്ലാതാക്കിയത്. വിവിധ മേഖലകളില്‍ ഒരേ പ്രതിസന്ധിയായി ഇത് നിലനില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബറിലെ ഉല്‍പാദനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മാരുതിയും സൂചിപ്പിച്ചിരുന്നു. ഹരിയാന, ഗുജറാത്ത് പ്ലാന്റുകളിലെ ഉല്‍പാദനത്തെ ബാധിക്കുമെന്നാണ് മാരുതി വ്യക്തമാക്കിയിരുന്നത്. ഇതേകാരണത്താല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും തീരുമാനിച്ചിരുന്നു.

നഷ്ടപ്പെട്ട വില്‍പ്പന ഈ മാസം ആരംഭിക്കുന്ന ഉത്സവ സീസണില്‍ വീണ്ടെടുക്കാം എന്ന ശുഭാപ്തി വിശ്വാത്തിലായിരുന്നു ഇന്ത്യന്‍ വാഹനലോകം. ഈ സമയത്താണ് ഇരുട്ടടിയായി ചിപ്പ് ക്ഷാമം തുടരുന്നത്. ഉത്സവ സീസണില്‍ ഡിമാന്‍ഡ് കുതിച്ചുയരുമ്പോള്‍ ചിപ്പ് വിതരണ ശൃംഖലയിലെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (FADA) പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി ഓട്ടോകാറിനോട് പറഞ്ഞു.

ശരാശരി, ജനപ്രിയ മോഡലുകള്‍ക്കായി നിര്‍മ്മാതാക്കള്‍ക്കിടയില്‍ രണ്ട് മുതല്‍ എട്ട് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ടെങ്കിലും ഡീസല്‍ കാറുകളെയാണ് ചിപ്പ് ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും ഗുലാത്തി പറയുന്നു.

വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്.

 

Top