ചിപ്പ് ക്ഷാമം; വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്

മുംബൈ: ചിപ്പ് ക്ഷാമത്തെ തുടർന്ന് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. വ്യവസായത്തിലുടനീളമുള്ള ഉല്‍പാദന പ്രക്രിയകളെ ബാധിച്ചതിനാല്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മൊത്തവ്യാപാരം ഓഗസ്റ്റില്‍ 11 ശതമാനം ഇടിഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. വാണിജ്യ വാഹനങ്ങള്‍ ഒഴികെയുള്ള സെഗ്മെന്റുകളിലായി മൊത്തവ്യാപാരം കഴിഞ്ഞ മാസം 15,86,873 യൂണിറ്റായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റില്‍ ഇത് 17,90,115 യൂണിറ്റായിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ ഉല്‍പ്പാദകരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്. മിക്ക വാഹന നിര്‍മാതാക്കളും ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വരും മാസങ്ങളില്‍ വീണ്ടും വ്യാപാരത്തില്‍ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു. ടാറ്റ മോട്ടോഴ്‌സ്, ഫോര്‍ഡ് ഇന്ത്യ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിച്ചുണ്ട്. സാംസങ് ഇന്ത്യ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്‌ഫോണ്‍ വിതരണം 70 ശതമാനം വരെ കുറഞ്ഞു.

സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇതുകാരണം ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്.

 

 

 

Top